മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ പ്രൊമോ വീഡിയോ: പുല്‍വാമയ്ക്കു പിന്നാലെ മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നത്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമായ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവന്നതിനു പിന്നാലെ പുല്‍വാമ ഭീകരാക്രമണ വേളയില്‍ മോദിയ്‌ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം വീണ്ടും ചര്‍ച്ചയാവുന്നു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫെബ്രുവരി 14ന് മോദി കോര്‍ബെറ്റ് നേഷണല്‍ പാര്‍ക്കില്‍ ഷൂട്ടിങ് തിരിക്കിലായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
‘ ജവാന്മാരുടെ മരണത്തില്‍ രാജ്യം മുഴുവന്‍ ദു:ഖത്തില്‍ കഴിയവേ പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമാ ഷൂട്ടിങ് തിരക്കിലും മുതലകളെ നോക്കി ബോട്ട് സവാരി നടത്തുന്ന തിരക്കിലുമായിരുന്നു.’ എന്നാണ് പുല്‍വാമ ആക്രമണത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞത്.
‘അന്നേദിവസം വൈകുന്നേരം ആറരവരെ ഷൂട്ടിങ് നീണ്ടു. വൈകുന്നേരം 6.45ന് അദ്ദേഹം ചായയും പലഹാരവും കഴിച്ചു. ഇത്രയും ഭീകരമായ ഒരാക്രമണം നടന്ന് നാലു മണിക്കൂര്‍ കഴിയും മുമ്പ് തന്നെ മോദി സ്വന്തം ബ്രാന്റിങ്ങിന്റെയും ഫോട്ടോഷൂട്ടിന്റെയും തിരക്കിലായിരുന്നുവെന്നത് ഭയാനകമാണ്.’ എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ പഴിചാരി മോദിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പുല്‍വാമ ആക്രമണത്തിന്റെ കാര്യം ദോവല്‍ കൃത്യസമയത്ത് മോദിയെ അറിയിച്ചിരുന്നില്ലെന്നും മോദിക്ക് അതില്‍ അതൃപ്തിയുണ്ടായിരുന്നെന്നും സോഷ്യല്‍ മീഡിയയിലൂടെ ന്യൂസ് 18യിലെചില മാധ്യമപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കോര്‍ബറ്റ് പാര്‍ക്കിലെ ഷൂട്ടിങ് പരിപാടി മോദി തുടര്‍ന്നത് എന്നതിന് ഇവരും യാതൊരു വിശദീകരണവും നല്‍കിയിരുന്നില്ല.
മോദിയുടെ ഷൂട്ടിങ് സംബന്ധിച്ച് 2019 ജനുവരി 16ന് തന്നെ ബിയര്‍ ഗ്രില്‍ ട്വിറ്ററിലൂടെ സൂചന നല്‍കുകയും ചെയ്തിരുന്നു. ‘ ഇന്ത്യയില്‍ നല്ലൊരു ദിവസമായിരുന്നു. വളരെ സ്‌പെഷ്യലായ ഒന്ന് ഷൂട്ട് ചെയ്യാന്‍ ഞാന്‍ അവിടെ ഒരിക്കല്‍ കൂടി വരികയാണ്.’ എന്നായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്നെടുത്ത ഒരു സെല്‍ഫിയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇരു പോസ്റ്റുകളും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആഗസ്റ്റ് 12നാണ് മോദി പങ്കെടുത്ത പരിപാടി സംപ്രേഷണം ചെയ്യുന്നത്. പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് മോദി യാത്ര ചെയ്യുന്നത്. ഷോയുടെ ചില ഭാഗങ്ങള്‍ ഗ്രില്‍സ് ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിട്ടുണ്ട്. ഒരു ചെറിയ തോണിയില്‍ മോദിയും ഗ്രില്‍സും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഒന്ന്.
മുളകൊണ്ട് ആയുധമുണ്ടാക്കുന്നതാണ് മറ്റൊരു രംഗം. കാട്ടില്‍ നിന്നും ശേഖരിച്ച മുളകളും മറ്റും എടുത്തുകൊണ്ട് ‘ഇത് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുമെന്ന്’ ഗ്രില്‍സിനോട് മോദി പറയുന്നുണ്ട്.
‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് താങ്കള്‍, താങ്കളെ ജീവനോടെ സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി’ എന്നാണ് ഇതിനു മറുപടിയായി ഗ്രില്‍സ് ചിരിച്ചുകൊണ്ട് പറയുന്നത്.