| Monday, 4th November 2024, 10:27 pm

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണം; അപലപിച്ച് നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരായ ഖലിസ്ഥാന്‍ ആക്രമണത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (തിങ്കളാഴ്ച്ച) ബ്രിട്ടീഷ് കൊളംബിയയിലെ ബ്രാംപ്റ്റണ്‍ ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ മോദി ഇത്തരം ശ്രമങ്ങള്‍ ഭീകരമാണെന്നും അഭിപ്രായപ്പെട്ടു. ഈ ആക്രമണങ്ങളെപ്പോലെത്തന്നെ ഭീകരമാണ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുമുള്ള കാനഡയുടെ ശ്രമങ്ങളെന്നും മോദി വിമര്‍ശിച്ചു.

ഇത്തരം ശ്രമങ്ങളെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്തുകയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കി നിയമവാഴ്ച്ച ഉയര്‍ത്തിപ്പിടിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു.

ഇന്നാണ് (തിങ്കളാഴ്ച്ച) ബ്രിട്ടീഷ് കൊളംബിയിലെ സറേയിയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ ക്ഷേത്രം.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഹിന്ദു ക്ഷേത്രത്തിനെതിരായുള്ള ആക്രമണത്തെ അപലപിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കാളികളായ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ യാതൊരുവിധ പ്രതികരണങ്ങളും ട്രൂഡോ നടത്തിയിട്ടില്ല.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ ആരോപണങ്ങളെ സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും ട്രൂഡോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിജ്ജറുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാനഡയിന്‍ പാര്‍ലമെന്റിലെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് ഈ വര്‍ഷം മൗനാചരണം നടത്തിയിരുന്നു.

Content Highlight: PM Modi response on  Brampton temple attack by Khalistanis

We use cookies to give you the best possible experience. Learn more