ന്യൂദല്‍ഹി: വിമുക്ത ഭടന്‍മാര്‍ക്കുവേണ്ടിയുള്ള “ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍” പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നത് വിചാരിച്ചതിനേക്കാള്‍ ശ്രമകരമാണെന്നും അതിന് അല്‍പം സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആകാശവാണിയുടെ “മന്‍ കി ബാത്ത്” പരിപാടിയിലാണ് പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രമബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
മുന്‍ സര്‍ക്കാരുകള്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. ഒരു പദവിക്ക് ഒരു പെന്‍ഷന്‍ പദ്ധതി സങ്കീര്‍ണമായൊരു പദ്ധതിയാണ്. നാല്പത് വര്‍ഷത്തോളം നിങ്ങള്‍ ക്ഷമിച്ചു. ഈ പ്രശ്‌നം പരിഹരിക്കാന്‍ എനിക്ക് കുറച്ചുകൂടി സമയം തരൂ.” മോദി പറഞ്ഞു.
അതേസമയം പദ്ധതിയെ കുറിച്ച് മോദി ഇന്നലെ നടത്തിയ പ്രസ്താാവനയ്‌ക്കെതിരെ മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടേത് തെറ്റായ പ്രസ്താവനയാണെന്നും ഒരു പദവിക്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത് യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും അത് നടപ്പിലാക്കാത്തത് ഇപ്പോഴത്തെ സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും ആന്റണി പറഞ്ഞു.
2014 ഫെബ്രുവരിയില്‍ യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കാമെന്നും തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്ന് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ പദ്ധതിയില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മോദി പറഞ്ഞു.
യുപിഎയുടെ ഭരണകാലത്ത് പ്രഖ്യാപിക്കുകയും അതിനായി ബജറ്റ് വിഹിതം നീക്കിവെക്കുകയും ചെയ്ത പദ്ധതി നടപ്പിലാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് യു.പിഎയുടെ ഭാഗത്തുനിന്നും ഉള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമുക്ത ഭടന്‍മാരുമായി നേരത്തെ കൂടിക്കാഴ്ച്ച നടത്തുകയും പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.