| Friday, 30th July 2021, 3:30 pm

40ാം വയസ്സിലും സ്‌കൂളിലായിരുന്നോ മോദീജി? മോദിയെ വീണ്ടും എയറിലാക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാരപ്പന്‍ നഗരത്തിന്റെ ഭാഗമായ ദൊളവീര യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം അതിനോടനുബന്ധിച്ച് ഇട്ട ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മോദിയെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

1990ല്‍ പുരാവസ്തു ഗവേഷണ കേന്ദ്രം കണ്ടെത്തിയ ദൊളവീര നഗരം മോദി തന്റെ സ്‌കൂള്‍ കാലത്ത് സന്ദര്‍ശിച്ചുവെന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ദൊളവീരയില്‍ തന്റെ സ്‌കൂള്‍ കാലത്ത് പോയിരുന്നുവെന്നും അത് കണ്ട് അതിശയിച്ചു നിന്നെന്നുമാണ് മോദി പറയുന്നത്.

‘ഞാന്‍ ആദ്യമായി ദൊളവീര സന്ദര്‍ശിക്കുന്നത് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. വീണ്ടും അവിടെയെത്തി ആ സ്ഥലം കണ്ട് അതിശയിച്ച് നിന്നിരുന്നു. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദൊളവീരയുടെ നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. അവിടം ടൂറിസ സൗഹൃദമാക്കാനും അന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു,’ മോദി ട്വീറ്റ് ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദ്യമായി ദൊളവീര സൈറ്റ് സന്ദര്‍ശിച്ച ചിത്രവും മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് 2001 മുതല്‍ 2014 വരെയുള്ള കാലത്താണ്. അന്നാണ് ദൊളവീരയുടെ നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്.

1967ല്‍ ദൊളവീര എന്ന സ്ഥലത്തെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അറിവുണ്ടായിരുന്നെങ്കിലും ഇവിടെ ഖനനം നടക്കുന്നതും പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതും 1990ലാണ്.

ദൊളവീരയെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആദ്യം അറിയുന്ന സമയത്ത് മോദിയുടെ പ്രായം കണക്കാക്കിയാല്‍ അദ്ദേഹം ഒരു കൗമാരക്കാരനായിരിക്കും. എന്നാല്‍ 1990ല്‍ പ്രദേശം കുഴിച്ചെടുക്കുന്ന സമയത്ത് അദ്ദേഹത്തിന് പ്രായം ഏകദേശം 40 എങ്കിലും ആയിട്ടുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ മോദി പറഞ്ഞത് ശരിയല്ലെന്ന് കാണിച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ മറുപടി ട്വീറ്റുമായി രംഗത്തെത്തിയത്. മോദിയെ ട്രോളിയും ട്വീറ്റുകള്‍ വരുന്നുണ്ട്.

‘മോദി അദ്ദേഹത്തിന്റെ ആഗോള രാഷ്ട്രീയ മീമാംസയില്‍ ഡിഗ്രിയെടുക്കുന്ന സമയത്ത് റിസര്‍ച്ച് ചെയ്യാനായി ആ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്,’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ദൊളവീര കണ്ടെടുക്കുന്നത് 1990ലാണ്. മോദി ജനിക്കുന്നത് 1950ലാണ്. അപ്പോള്‍ 1990ല്‍ മോദിക്ക് 40 വയസായിട്ടുണ്ടാകും. ആ സമയത്ത് സ്‌കൂളോ?

ദൊളവീര അന്നൊരു ഗ്രാമമായിരുന്നു. മാത്രമല്ല, ദൊളവീരയും വാദ്‌നഗറും തമ്മിലുള്ള ദൂരം 332 കിലോമീറ്റര്‍ ആണ്. ദയവ് ചെയ്ത് സര്‍ മറുപടി തരണം,’ എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള വ്യാജ അവകാശവാദങ്ങളുടെ പേരില്‍ മോദിക്ക് നേര മുമ്പും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PM Modi recalls visit to Dholavira during ‘student days’; social media says it is fault

We use cookies to give you the best possible experience. Learn more