| Friday, 23rd April 2021, 7:29 pm

മോദി വിളിച്ച യോഗം ലൈവ് ആയി പ്രക്ഷേപണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ച് കെജ്‌രിവാള്‍; അറിഞ്ഞപ്പോള്‍ വിമര്‍ശനം; യോഗത്തില്‍ വാഗ്വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാഗ്വാദം. പ്രധാനമന്ത്രിയുമായി സംവദിച്ചത് ലൈവ് ആയി പ്രക്ഷേപണം ചെയ്യാന്‍ കെജ്‌രിവാള്‍ മാധ്യമങ്ങളെ അനുവദിച്ചതിനെ തുടര്‍ന്നാണ് വാഗ്വാദം ഉണ്ടായത്.

വീഡിയോ മാധ്യമങ്ങള്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ മോദി കെജ്‌രിവാളിനെ ശാസിക്കുകയും ചെയ്തു.

ഓക്‌സിജന്‍ ക്ഷാമം കാരണം വലിയ ദുരന്തം ദല്‍ഹിയില്‍ സംഭവിക്കുമെന്നാണ് കെജ്‌രിവാള്‍ മോദിയോട് പറഞ്ഞത്. ഈ സംഭാഷണങ്ങള്‍ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു കെജ്‌രിവാള്‍.

‘ഓക്‌സിജന്‍ ക്ഷാമം കാരണം ജനങ്ങളെല്ലാം ദുരിതത്തിലാണ്. വലിയൊരു ദുരന്തം സംഭവിച്ചേക്കുമെന്ന് ഞങ്ങള്‍ക്ക് ഭയമുണ്ട്. ഞങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദല്‍ഹിയിലേക്കെത്തുന്ന ഓക്‌സിജന്‍ ടാങ്കുകള്‍ക്ക് വഴിയില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ എത്താന്‍ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കണം,” കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയില്‍ ഓക്‌സിജന്‍ പ്ലാന്റ് ഇല്ലെങ്കില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലെ? ഓക്‌സിജന് വേണ്ടി കേന്ദ്ര സര്‍ക്കാരിനോടല്ലാതെ ആരോടാണ് സംസാരിക്കേണ്ടത്,’ കെജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ കെജ്‌രിവാള്‍ വീഡിയോ ടെലിവിഷനിലൂടെ ടെലികാസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് അറിയിച്ചതിന് പിന്നാലെ മോദി കെജ്‌രിവാളിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കെജ്‌രിവാള്‍ മോദിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുമായി നടത്തുന്ന സ്വകാര്യ സംഭാഷണങ്ങള്‍ ടെലിവിഷനിലൂടെ കാണിച്ചത് പ്രശ്‌ന പരിഹാരത്തിനല്ലെന്നും കെജ്‌രിവാളിന് രാഷ്ട്രീയം കളിക്കാനാണെന്നുമാണ് സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Modi pulls up Arvind Kejriwal for live telecast of Covid-19 review meeting

We use cookies to give you the best possible experience. Learn more