national news
'ഇരട്ട വാക്സിന്‍ നല്‍കി മോദിജി നിങ്ങളെയെല്ലാം രക്ഷിച്ചു, ഇനി പാര്‍ട്ടിയെ സംരക്ഷിക്കുക'; ഹിമാചലില്‍ വോട്ട് തേടി ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 03, 02:46 am
Thursday, 3rd November 2022, 8:16 am

ഷിംല: രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണത്തെ വോട്ടാക്കി മാറ്റാന്‍ ശ്രമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വാക്സിന്‍ മുന്‍നിര്‍ത്തി നദ്ദ വോട്ട് ചോദിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പത് മാസത്തിനുള്ളില്‍ രണ്ട് വാക്സിനുകള്‍ നമ്മുടെ രാജ്യത്ത് നിര്‍മിച്ചു. ഇരട്ട വാക്സിനും ബൂസ്റ്റര്‍ ഡോസും നല്‍കി നിങ്ങളെയെല്ലാവരെയും മോദിജി രക്ഷിച്ചു. ഇപ്പോള്‍ നിങ്ങളെ രക്ഷിച്ച പാര്‍ട്ടിയെ സംരക്ഷിക്കാനുള്ള സമയമാണ്. അത് നമ്മുടെ ദൗത്യമാണ്,’ ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

2021 ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി വാക്സിന്‍ വിതരണം തുടങ്ങിയത്. ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് വാക്സിന്‍ സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 2021 മെയ് ഒന്ന് മുതല്‍ ആരംഭിച്ച വാക്സിനേഷനില്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും സ്വന്തം നിലക്ക് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം നിര്‍ദേശിച്ചിരുന്നത്.

400 രൂപയാണ് കൊവിഷീല്‍ഡ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളോട് ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമായിരുന്നു. 2021 ജൂണ്‍ മുതലാണ് കൊവിഡ് വാക്സിന്‍ സാര്‍വത്രികമായി ലഭ്യമാക്കിയത്.

ജൂലൈ 17നകം രാജ്യത്ത് 200 കോടി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘കൊവിഡ് വാക്‌സിനേഷന്‍ അമൃത് മഹോത്സവ്’ എന്ന പേരില്‍ ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവും സംഘടിപ്പിച്ചിരുന്നു.

അതേസമയം, ഈ മാസം 12ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും വിമതര്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിരവധി മണ്ഡലങ്ങളില്‍ വിമ

ത സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയുടെ ആഘാതം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് രണ്ടു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍.

68 സീറ്റുകളിലേക്കാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പിക്ക് തലവേദനയായി 20 മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികളുണ്ട്. കോണ്‍ഗ്രസിലാകട്ടെ, നേതൃത്വം ഇടപെട്ടിട്ടും ഡസനിലേറെ വിമത സ്ഥാനാര്‍ഥികള്‍ പിന്മാറിയില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം വകവെക്കാതെ, ഔദ്യോഗിക സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള നീക്കത്തിലാണ് വിമത സ്ഥാനാര്‍ഥികള്‍.

പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാത്തതിനാല്‍ ബി.ജെ.പി. പുറത്താക്കേണ്ടി വന്നത് അഞ്ച് മുതിര്‍ന്ന നേതാക്കളെയാണ്. ഇതില്‍ നാല് പേരും മുന്‍ എം.എല്‍.എമാരാണ്, ബി.ജെ.പി ഉപാധ്യക്ഷനുമുണ്ട് കൂട്ടത്തില്‍. കോണ്‍ഗ്രസും മുന്‍ മന്ത്രി, മുന്‍ സ്പീക്കര്‍ എന്നിവരടക്കം ആറ് നേതാക്കളെ പുറത്താക്കിയിട്ടുണ്ട്.

Content Highlight: ‘PM Modi protect you by making a vaccine, now it’s your turn to protect BJP,’ said Nadda in Himachal