ന്യൂദൽഹി: ഇന്ത്യയിലെ ഏത് സ്ഥലത്തും ജി20 യോഗങ്ങൾ നടത്തുന്നത് സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിലെ ചില യോഗങ്ങൾ അരുണാചൽ പ്രദേശിലും കശ്മീരിലും നടത്തുന്നതിൽ ചൈനയും പാകിസ്ഥാനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തള്ളികൊണ്ട് വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ആ പ്രദേശങ്ങളിൽ യോഗം ചേരുന്നതിൽ നിന്ന് നമ്മൾ വിട്ടുനിന്നിരുന്നെങ്കിൽ അങ്ങനെയൊരു ചോദ്യത്തിന് സാധുത ഉണ്ടായിരുന്നു. ഇന്ത്യ വളരെ വിശാലവും മനോഹരവും വൈവിധ്യവുമാർന്ന ഒരു രാജ്യമാണ്. ജി20 യോഗങ്ങൾ നടക്കുമ്പോൾ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും നടത്തുന്നത് സ്വാഭാവികമല്ലേ,’ അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ ഇന്ത്യയുടെ സാംസ്കാരികവും പ്രാദേശികവുമായ വൈവിധ്യം പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോദി സർക്കാർ ജി20 യോഗങ്ങൾ രാജ്യത്തങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ നടത്തുന്നത് എന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഈ വർഷം മാർച്ച് 22ന് ശ്രീനഗറിൽ വച്ച് ജി20യുടെ പ്രവർത്തക സമിതി യോഗം നടത്തിയിരുന്നു. മറ്റൊരു ജി20 യോഗം അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ മാർച്ച് 26 നും നടന്നു. ഈ യോഗം ചൈന ബഹിഷ്കരിച്ചിരുന്നു. അരുണാചൽ പ്രദേശിലെ ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കാത്ത ചൈന സംസ്ഥാനം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നും പറഞ്ഞിരുന്നു.
‘തർക്ക’ ഭൂമിയാണ് കാശ്മീർ എന്ന വാദവുമായാണ് യോഗം കശ്‍മീരിൽ നടത്തുന്നതിൽ ജി20 അംഗമായ ചൈനയും അംഗമല്ലാത്ത പാകിസ്ഥാനും എതിർപ്പ് പ്രകടിപ്പിച്ചത്.
ജി20യിലെ ഇന്ത്യയുടെ അധ്യക്ഷ കാലാവധി കഴിയുന്നതിന് മുമ്പ് 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 60 നഗരങ്ങളിലായി 220 യോഗങ്ങൾ സംഘടിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 125 രാജ്യങ്ങളിൽ നിന്നുമുള്ള ഒരു ലക്ഷത്തിലധികം പ്രതിനിധികൾ ഇന്ത്യക്കാരുടെ നൈപുണ്യത്തിന് സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനിലെ മിലിറ്ററി ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീക്കേണ്ടത് കാരണം ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കില്ലെന്ന് നരേന്ദ്ര മോദിയെ അറിയിച്ചുവെന്ന് ഇന്ത്യ ടി.വി റിപ്പോർട്ട് ചെയ്തു. ഈ മാസം 9,10 തിയ്യതികളിൽ ദൽഹിയിൽ വച്ചാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി നടക്കുന്നത്.