|

ചെങ്കോട്ടയിലെ സംഘര്‍ഷം വേദനിപ്പിച്ചെന്ന് നരേന്ദ്ര മോദി; കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഒന്നും മിണ്ടാതെ മന്‍ കി ബാത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചെന്നും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിലായിരുന്നു പരാമര്‍ശം.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിച്ചെന്നും വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയെന്നും വാക്‌സിന്‍ മാറ്റ് രാജ്യങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിയുന്നുണ്ടെന്നും മോദി പറഞ്ഞു.

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മോദി കര്‍ഷക സമരം പരിഹരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയില്ല.

അതസമയം, കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷിയോഗത്തില്‍മോദി പറഞ്ഞത്. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നും കര്‍ഷകരോട് അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ അജണ്ട അവതരിപ്പിക്കുന്നതിനായി ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ അധ്യക്ഷത വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: PM Modi On “Mann Ki Baat”