ന്യൂദൽഹി: മുസ്‌ലിം പൗരന്മാരെ നുഴഞ്ഞു കയറ്റക്കാരെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോട് മാപ്പ് പറയണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്തകനുമായ അമർത്യ സെൻ. ദി വയറിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രം എന്ന സങ്കല്പത്തിനേറ്റ തിരിച്ചടിയാണെന്നും മുസ്‌ലിങ്ങളെ നുഴഞ്ഞു കയറ്റക്കാർ എന്ന് വിളിച്ചത് വലിയ തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
‘ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെയാണ് മോദി അപമാനിക്കുന്നത്. മുസ്‌ലിങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ മോദിയുടെ മനസിന്റെ പരിമിതികളെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തയെക്കുറിച്ച് വല്ലാത്ത ആശങ്കയുണ്ട്,’ അമർത്യ സെൻ പറഞ്ഞു.
Also Read: എമ്പുരാനെ കുറിച്ചുള്ള ചോദ്യം പേടിച്ച് ഒളിച്ചു നടക്കാറുണ്ടോ? മറുപടി നല്‍കി മുരളി ഗോപി
രാജസ്ഥാനിലെ ബനസ്വരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസിനെ വോട്ട് ചെയ്തു അധികാരത്തിലെത്തിച്ചാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർ ആയവർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നായിരുന്നു പരാമർശം.
നിങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണമെല്ലാം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? നിങ്ങൾ ഇതിനെ അംഗീകരിക്കുന്നുണ്ടോ? എന്നായിരുന്നു മോദി ചോദിച്ചത്.
തന്റേത് ജൈവിക ജന്മമല്ലെന്നും, ദൈവത്തിന്റെ ജോലി ചെയ്യാൻ തന്നെ ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള മോദിയുടെ അവകാശവാദം തീർത്തും അസംബന്ധമാണെന്നും വ്യാമോഹമാണെന്നും സെൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പൊരുത്തപ്പെടാനാവാത്തതു കൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ് മോദി. എന്താണ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് പോലും ധാരണയില്ലാത്ത അവസ്ഥയിലാണ് മോദി ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: PM Modi Must Apologise for Calling Muslims ‘Infiltrators’: Amartya Sen