| Wednesday, 28th February 2024, 3:24 pm

മോദിയുടെയും സ്റ്റാലിന്റെയും ചിത്രമുള്ള പരസ്യത്തിൽ ചൈനീസ് പതാക; വിമർശനവുമായി പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങിയ പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക ഇടം പിടിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ പാഡിന്റെ അവകാശവാദം ഉന്നയിക്കുന്നതിന് ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡി.എം.കെ മടിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി.

ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐ.എസ്.ആർ.ഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതുമായ ബന്ധപ്പെട്ട് നൽകിയ പരസ്യമാണ് വിവാദത്തിലായത്.

സ്ഥലം എം.എൽ.എയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.

‘ഒരു പണിയും ചെയ്യാതെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ നോക്കുന്ന പാർട്ടിയാണ് ഡി.എം.കെ. ഞങ്ങളുടെ പദ്ധതികളിൽ ഇവർ തങ്ങളുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് ആർക്കാണ് അറിയാത്തത്? ഇപ്പോൾ അവർ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ ഐ.എസ്.ആർ.ഒ വിക്ഷേപണ പാഡിന്റെ ക്രെഡിറ്റ്‌ സ്വന്തമാക്കാൻ ചൈനയുടെ സ്റ്റിക്കർ പോലും ഒട്ടിച്ചിരിക്കുന്നു.

ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ ചിത്രം പോലും നൽകാതെയാണ് അവർ പരസ്യം നൽകുന്നത്. ലോകത്തിനു മുൻപിൽ ഇന്ത്യയുടെ ബഹിരാകാശ നേട്ടം കാണിക്കുവാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതി പണത്തെയും അപമാനിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ചൈനയുടെ പതാക മാത്രമല്ല, ചൈനീസ് ഭാഷയിൽ എഴുത്തുകളുള്ള റോക്കറ്റിന്റെ ചിത്രമാണ് ഉപയോഗിച്ചതെന്നും വിമർശനമുണ്ട്.

Content Highlight: PM Modi mocks DMK for using image of rocket with Chinese flag in newspaper advertisement

We use cookies to give you the best possible experience. Learn more