| Wednesday, 5th June 2024, 3:38 pm

രാജിക്കത്ത് കൈ മാറി മോദി; എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന് നടന്നേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യ പ്രതിജ്ഞ ജൂണ്‍ 8 ന് വൈകീട്ട് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എ 292 സീറ്റുകള്‍ നേടി ഭൂരിപക്ഷം മറി കടന്നതിനാല്‍ നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മോദി രാഷ്ട്രപതിക്ക് രാജി കത്ത് കൈമാറി.

തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബി.ജെ.പി 240 സീറ്റുകളിലാണ് വിജയിച്ചത്. ഒറ്റക്ക് ബി.ജെ.പി ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സഖ്യകക്ഷികളുമായി ചേര്‍ന്നാണ് ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പേ മോദി മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി വികസനപ്രവര്‍ത്തങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു യോഗം. നിലവിലെ ലോക്‌സഭ കാലാവധി അവസാനിക്കുന്നത് ജൂണ്‍ 16 നാണ്.

അതേസമയം ഇന്ന് വൈകീട്ട് ചേരുന്ന പ്രധാനമന്ത്രിയുടെ യോഗത്തിനായി നേതാക്കളെല്ലാം ദല്‍ഹിയില്‍ എത്തി തുടങ്ങി. സര്‍ക്കാര്‍ രൂപീകരണത്തിന്റെ വിശദാംശങ്ങള്‍ എന്‍.ഡി.എ നേതാക്കള്‍ ചര്‍ച്ച ചെയ്തേക്കും.

ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും അടുത്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകാന്‍ പോകുന്ന തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുക്കും. ടി.ഡി.പി യുടെയും ജെ.ഡി.യു വിന്റേയും പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രധാനമാണ്. അത് കൊണ്ട് തന്നെ എന്‍.ഡി.എയുടെ നേതാക്കള്‍ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും വിളിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

എന്‍.ഡി.എയും ഇന്ത്യ സഖ്യവും ഇന്ന് സുപ്രധാന യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയും എന്‍.ഡി.എയും കനത്ത പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്.

എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നില നിര്‍ത്തുന്ന പ്രധാന മന്ത്രിയാകും നരേന്ദ്ര മോദി.

Content Highlight: PM Modi meets President Droupadi Murmu, submits resignation

We use cookies to give you the best possible experience. Learn more