| Friday, 7th July 2023, 1:06 pm

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ മണ്ഡലമായ വാരാണസിക്ക് പുറമെ കോയമ്പത്തൂരോ അല്ലെങ്കില്‍ കന്യാകുമാരിയോ ആണ് മോദി മത്സരിക്കുകയെന്നാണ് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.ജെ.പിയുടെ ‘മിഷന്‍ ദക്ഷിണേന്ത്യ’യുടെ ഭാഗമായാണ് മോദിയെ തമിഴ്നാട്ടില്‍ മത്സരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ പി.കെ.ഡി. നമ്പ്യാര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കാശി-തമിഴ് സംഗമ പദ്ധതി തമിഴ്‌നാടുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. മോദി കന്യാകുമാരിയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍, കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢപ്പെടും,’ നമ്പ്യാര്‍ പറഞ്ഞു.

കന്യാകുമാരിയിലും വാരാണസിയിലും മത്സരിക്കുന്നത് പ്രധാനമന്ത്രിയുടെ പദവിക്ക് അനുയോജ്യമാണെന്ന് ബി.ജെ.പിയുമായി അടുപ്പമുള്ള മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കന്യാകുമാരി അല്ലെങ്കില്‍ കോയമ്പത്തൂര്‍ മണ്ഡലമാണ് മോദിക്ക് മുന്നിലുള്ളതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കന്യാകുമാരിയില്‍ ബി.ജെ.പി പൊതുവെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയകുമാറാണ് വിജയിച്ചത്. കോണ്‍ഗ്രസിന് 5,76,037 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 4,38,087 വോട്ടാണ് കിട്ടിയത്.

കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പിക്ക് വനതി ശ്രീനിവാസന്‍ എന്നുപേരായ ഒരു എം.എല്‍.എയുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സി.പി. രാധാകൃഷ്ണന്‍ 3,92,007 വോട്ടുകള്‍ നേടി രണ്ടാമതെത്തിയിരുന്നു. ഇവിടെ സി.പി.ഐ.എമ്മിന്റെ പി.ആര്‍. നടരാജനാണ് 5,71,150 വോട്ടുകളോടെ വിജയിച്ചത്.

2024ല്‍ തമിഴ്നാട്ടില്‍ നിന്നും ബി.ജെ.പി 25 ലോക്സഭാ സീറ്റുകളാണ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ വെല്ലൂരില്‍ പ്രസംഗിക്കവെ ഇത്തവണ 25 എം.പിമാരെ സംസ്ഥാനം ലോക്സഭയിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചിരുന്നു. 2019ല്‍ 39 ലോക്സഭാ സീറ്റില്‍ ബി.ജെ.പി മത്സരിച്ചെങ്കിലും അഞ്ച് എണ്ണത്തില്‍ മാത്രമാണ് ജയിച്ചത്.

Content Highlights: pm modi may contest in tamilnadu in 2024 lok sabha election

We use cookies to give you the best possible experience. Learn more