| Friday, 21st December 2018, 10:20 am

ബൂത്ത് ലെവല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ പതറി മോദി; ഒടുക്കം യാത്ര പറഞ്ഞ് തടിയൂരി; ലൈവ് വീഡിയോ പോസ്റ്റു ചെയ്തത് ബി.ജെ.പിക്കു തന്നെ അടിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ കുഴങ്ങി മോദി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ബി.ജെ.പി അണികളുമായി നടത്തിയ സംവാദത്തിനിടെയാണ് മോദിയ്ക്കു പണി കിട്ടിയത്.

നിര്‍മ്മല്‍ കുമാര്‍ ജെയ്ന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകനാണ് മോദിയെ കുഴയ്ക്കുന്ന ചോദ്യം ചോദിച്ചത്. മോദിയെ പുകഴ്ത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ” ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. രാജ്യത്തിനുവേണ്ടി താങ്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലതാണ്. എന്നാല്‍ മധ്യവര്‍ഗ ജനത കരുതുന്നത് താങ്കളുടെ സര്‍ക്കാര്‍ എല്ലാ തരത്തിലും ഏല്ലാ രീതിയിലും നികുതി ശേഖരിക്കുകയെന്നതില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നതെന്നാണ്” ഇതായിരുന്നു പ്രവര്‍ത്തകന്റെ ചോദ്യം.

അതുകൊണ്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. ” അവര്‍ പ്രതീക്ഷിക്കുന്ന ആശ്വാസം അവര്‍ക്കു ലഭിക്കുന്നില്ല. ഉദാഹരണത്തിന് ഐ.ടി മേഖല, ലോണിനായുള്ള നടപടിക്രമങ്ങള്‍, ബാങ്ക് ഇടപാട് ഫീസും, പിഴയും അതെല്ലാം ഈയടുത്തകാലത്ത് വന്നതാണ്. നമ്മുടെ പാര്‍ട്ടിയുടെ വേരായ മധ്യവര്‍ഗത്തിന് അല്പം ആശ്വാസം നല്‍കുകയെന്നതാണ് എന്റെ അപേക്ഷ. നന്ദി” എന്നു പറഞ്ഞ് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു.

ബി.ജെ.പിയുടെ അടുത്ത അനുയായികളില്‍ നിന്നും ഇത്തരമൊരു ചോദ്യം മോദി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുഖത്ത് ചിരിവരുത്തിക്കൊണ്ടാണ് മോദി ഇതിനു മറുപടി പറഞ്ഞത്, ” നന്ദി നിര്‍മ്മല്‍ ജി, നിങ്ങളൊരു കച്ചവടക്കാരനാണ്. അതുകൊണ്ട് നിങ്ങള്‍ കച്ചവടവുമായി ബന്ധപ്പെട്ട കാര്യമേ ചോദിക്കൂ. സാധാരണക്കാരുടെ കാര്യത്തിനാണ് ഞങ്ങള്‍ ശ്രദ്ധകൊടുക്കുന്നത്. നിങ്ങള്‍ക്ക് ഞങ്ങള്‍ അക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നു.” എന്നായിരുന്നു മോദിയുടെ മറുപടി.

എന്നാല്‍ കേള്‍വിക്കാര്‍ ഈ മറുപടിയോട് ഒട്ടും പ്രതികരിക്കാതായതോടെ മോദി ആകെ അസ്വസ്ഥനായി. ഒടുക്കം ” പോകാം, പോണ്ടിച്ചേരിക്ക് നന്ദി”യെന്നു പറഞ്ഞ് മോദി തടിയൂരുകയായിരുന്നു.

ബി.ജെ.പിയുടെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടില്‍ നിന്നു തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 31 മിനിറ്റോളം ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോയില്‍ ഇങ്ങനെയൊരു കെണി വരുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

(വീഡിയോ 14 മിനിറ്റിനുശേഷമുള്ള ഭാഗം കാണുക)

We use cookies to give you the best possible experience. Learn more