ഗോഡ്‌സെ ദേശഭക്തനെന്ന് പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന; നരേന്ദ്രമോദി മുതല കണ്ണീരൊഴുക്കുകയാണെന്ന് ദിഗ് വിജയ് സിങ്
ന്യൂദല്‍ഹി: പ്രജ്ഞാ സിങ് ഠാക്കൂറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല കണ്ണീരൊഴുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ നിലപാടില്‍ മാപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും പ്രജ്ഞാസിങിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പ്രധാനമന്ത്രിയുടെ മുതലകണ്ണീരൊന്നും നടക്കില്ല. മത്സരിക്കുന്നതില്‍ നിന്നും മോദി പ്രജ്ഞാസിങിനെ ഒഴിവാക്കണം. വോട്ടിങ് നല്ല രീതിയില്‍ നടക്കണം. ദിഗ് വിജയ് സിങ് പറഞ്ഞു.
പ്രജ്ഞാസിങിന്റെ പ്രസ്താവനയില്‍ മൗനം പാലിച്ച മോദി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രജ്ഞാസിങിനെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിങ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി മോദി പറയുകയായിരുന്നു.
ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംങ്.