പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന് ആരും വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടെത്തിയതെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍.
സംസ്ഥാനത്തെ 7 നിയോജകമണ്ഡലങ്ങളില്‍ പ്രചാരണത്തിനായി മോദി എത്തിയ സാഹചര്യത്തിലായിരുന്നു ചിരാഗിന്റെ പരാമര്‍ശം. നിതീഷ് ജനപ്രിയനല്ലെന്ന സത്യം മോദിയ്ക്കറിയാമെന്നും ഒരൊറ്റയാള്‍ പോലും നിതീഷിന് വോട്ട് നല്‍കില്ലെന്നും ചിരാഗ് പറഞ്ഞു.
‘ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റാലികള്‍ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് ബീഹാറിലെ ജനങ്ങള്‍ക്ക് പോലും അറിയില്ലെന്ന സത്യം മോദിയ്ക്ക് മനസ്സിലായിട്ടുണ്ട്. ജനപ്രിയനല്ലാത്ത മുഖ്യമന്ത്രിയായതു കൊണ്ടാണ് നിതീഷിന് വേണ്ടി മോദി 7 റാലികള്‍ സംഘടിപ്പിക്കുന്നത്. നിതീഷിനെ ജനപ്രിയനാക്കാന്‍ അദ്ദേഹത്തിന് ബീഹാറിലെത്തി പ്രചരണം നടത്തേണ്ടി വന്നു. അല്ലായിരുന്നെങ്കില്‍ മോദിയ്ക്ക് ദല്‍ഹിയില്‍ തന്നെയിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മതിയായിരുന്നു’- ചിരാഗ് പറഞ്ഞു.
ഒരു അഴിമതിക്കാരനായ മുഖ്യമന്ത്രിയ്ക്ക് വേണ്ടി എന്തിനാണ് ബി.ജെ.പി നേതാക്കള്‍ ഇങ്ങനെ തല കുനിക്കുന്നത്. ഇത് സ്വന്തം പാര്‍ട്ടി അണികളെ തന്നെ നിരാശരാക്കും. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് നിതീഷിന് തന്നെ പൂര്‍ണ്ണ ബോധ്യമുണ്ട്- ചിരാഗ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ തന്നെ അദ്ദേഹം ഒരു മികച്ച നേതാവല്ലെന്നതിന്റെ തെളിവുകളാണെന്ന് ചിരാഗ് പറഞ്ഞു.
ലഹരിവസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് നിതീഷ് സര്‍ക്കാര്‍ പറയുമ്പോഴും സംസ്ഥാനത്ത് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ചിരാഗ് പറഞ്ഞു.
അവര്‍ മദ്യനിരോധനത്തെപ്പറ്റി പ്രസംഗിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും മദ്യം സുലഭമായി ലഭിക്കുന്നു. ലഹരിവസ്തുക്കള്‍ നിയമവിരുദ്ധമായി വില്‍ക്കപ്പെടുന്നതിനെപ്പറ്റിയും മുഖ്യമന്ത്രിയ്ക്ക് അറിവുള്ളതാണ്. അതേപ്പറ്റി ചോദിക്കുമ്പോള്‍ ക്ഷുഭിതനാകുന്നതെന്തിന്? എന്തുകൊണ്ട് ഇവ നിര്‍ത്താന്‍ മുന്‍കൈയെടുക്കുന്നില്ലെന്നും ചിരാഗ് ചോദിച്ചു.
അതേസമയം ഒക്ടോബര്‍ 28 ന് ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. 71 സീറ്റുകളിലുമായി 55.69 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
നവംബര്‍ മൂന്നിനാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിനുമാണ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Chirag Paswan Slams Nitish Kumar