ഹൈദരാബാദ്: ഹൈദരാബാദില്‍ 216 അടി ഉയരമുള്ള പഞ്ചലോഹപ്രതിമ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സന്യാസിയായ രാമാനുജാചാര്യന്റെ പ്രതിമയാണ് ശനിയാഴ്ച വൈകീട്ടോടെ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
‘സമത്വത്തിന്റെ പ്രതിമ’ (Statue of Equality) എന്നാണ് പ്രതിമയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത്.
ഹിന്ദു സന്യാസിയായ രാമാനുജാചാര്യന്റെ ആയിരാമത്തെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്നും, ജാതിക്കും മതത്തിനും വര്‍ണത്തിനും അതീതമായി മനുഷ്യരെ ഒന്നായ്ക്കണ്ട മഹാനാണ് രാമാനുജാചാര്യന്‍ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
‘ഇന്ന് വലിയ ഒരു പ്രതിമയിലൂടെ രാമാനുജാചാര്യന്‍ തന്റെ സന്ദേശം നാടിനൊന്നാകെ പകരുകയാണ്,’ മോദി പറഞ്ഞു.
പൂര്‍ണമായും പഞ്ചലോഹത്തിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളാണ് പഞ്ചലോഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 135 കോടിയാണ് ചൈനയില്‍ നിര്‍മിക്കപ്പെട്ട പ്രതിമയുടെ നിര്‍മാണ ചെലവ്.
‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള മണ്ഡപത്തിന് മുകളിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ വേദിക് ഡിജിറ്റല്‍ ലൈബ്രറി, റിസേര്‍ച്ച് സെന്റര്‍, പൗരാണിക ഗ്രന്ഥങ്ങള്‍, തിയേറ്റര്‍, എജ്യുക്കേഷനല്‍ ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
നേരത്തെ, ഹൈദരാബാദ് സന്ദര്‍ശനവേളയില്‍ ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസേര്‍ച്ച് ഫോര്‍ ദി സെമി-അരിഡ് ട്രോപിക്‌സ് (ഐ.സി.ആര്‍.ഐ.എസ്.എ.ടി / ഇക്രിസാറ്റ്)ന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളും ഉദ്ഘാടനം ചെയ്തിരുന്നു.
അതേസമയം, പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ ചടങ്ങുകളും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബഹിഷ്‌കരിച്ചിരുന്നു. പ്രധാനമന്ത്രി എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയത് മുതല്‍ പ്രതിമയുടെ ഉദ്ഘാടനമടക്കമുള്ള എല്ലാ ചടങ്ങുകളില്‍ നിന്നും കെ.സി.ആര്‍ വിട്ടുനിന്നിരുന്നു.
പനിയായതിനാലാണ് കെ.സി.ആര്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഒഴിവുകഴിവ് മാത്രമായും വിലയിരുത്തുന്നുണ്ട്.
Content Highlight: PM Modi Inaugurates 216-Foot ‘Statue Of Equality’ In Hyderabad