India
എം.പിമാര്‍ക്ക് മോദിയുടെ വിരുന്ന്; അതിഥിയായി എം.കെ പ്രേമചന്ദ്രനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 10, 06:57 am
Saturday, 10th February 2024, 12:27 pm

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ എട്ട് എം.പിമാര്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് എം.പിമാര്‍ക്ക് പ്രധാനമന്ത്രി വിരുന്നൊരുക്കിയത്.

ലോക്‌സഭയില്‍ നിന്ന് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ഫോണിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് വന്നത്.

ബി.ജെ.പി എം.പിമാരായ ഹീന ഗാവിത്, എസ്.ഫാന്‍ഗ്‌നോണ്‍ കൊന്യാക്, ജംയാങ് സെറിംഗ് നംഗ്യാല്‍, എല്‍.മുരുഗന്‍, ടി.ഡി.പി എം.പി രാംമോഹന്‍ നായിഡു, ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ, ബി.ജെ.ഡി എം.പി സസ്മിത് പത്ര എന്നിവരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു.

‘അദ്ദേഹം ഞങ്ങളെ വിളിച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. കാന്റീന് സമീപത്തെത്തിയപ്പോഴാണ് ഉച്ചഭക്ഷണം കഴിക്കാനാണെന്ന് മനസിലായത്’, എം.പിമാരിലൊരാള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

സംഭാഷണത്തിനിടെ തന്റെ ദിനചര്യകളെ കുറിച്ചും ഒരോ ദിവസത്തെ ഷെഡ്യൂളുകളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചുമൊക്കെയായിരുന്നു മോദി സംസാരിച്ചതെന്ന് എം.പിമാര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്  തന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിട്ടും 2015ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാന്‍ താന്‍ പാക്കിസ്ഥാനില്‍ പോയ കാര്യമുള്‍പ്പെടെ പ്രധാനമന്ത്രി തങ്ങളോട് പറഞ്ഞുവെന്നാണ് എം.പിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു മണിക്കൂറോളമാണ് എം.പിമാര്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തത്.

പ്രധാനമന്ത്രിയായതിനാല്‍ എല്ലാവരും അല്പം ഒതുങ്ങിയാണ് സംസാരിച്ചതെന്നും എന്നാല്‍ അദ്ദേഹം ചിരിയും തമാശയുമായി അന്തരീക്ഷം ലഘൂകരിച്ച് അകല്‍ച്ചയെല്ലാം മാറ്റി ഞങ്ങളിലൊരാളെപ്പോലെയാണ് സംസാരിച്ചതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രേമചന്ദ്രനോട് സംസാരിച്ചു. മലയാളികള്‍ നിങ്ങളോടൊക്കെ പറഞ്ഞുകാണുമല്ലോയെന്നും സൗദി അറേബ്യയിലും യു.എ.ഇ.യിലുമൊക്കെ ഇന്ത്യക്ക് വലിയ ബഹുമാനമാണ് കിട്ടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

എം.പിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി തന്റെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള, വിവിധ പാര്‍ട്ടികളില്‍നിന്നുമുള്ള എം.പി.മാര്‍ക്കൊപ്പം ഉച്ചഭക്ഷണം ആസ്വദിച്ചെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

Content Highlight: PM Modi Lunch With MK. Premachandran and other Mps