| Sunday, 15th August 2021, 10:38 am

അടുത്ത 25 വര്‍ഷം 'അമൃത് കാലം' ആണ്; പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത ഇന്ത്യ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്രദിനാഘോഷത്തിനോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

അടുത്ത 25 വര്‍ഷം ഇന്ത്യയുടെ ‘അമൃത് കാല്‍’ (ശുഭ സമയം) ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അമൃത് കാലത്തിന്റെ ഉദ്ദേശ്യം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക’ എന്നതാണെന്നും മോദി പറഞ്ഞു.

‘ഇവിടെ നിന്ന് ആരംഭിച്ച്, അടുത്ത 25 വര്‍ഷത്തെ യാത്ര ഒരു പുതിയ ഇന്ത്യയുടെ അമൃത് കാലമാണ്, ഈ അമൃത് കാലത്തിലെ തീരുമാനങ്ങളുടെ പൂര്‍ത്തീകരണം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം വരെ ഞങ്ങളെ കൊണ്ടുപോകും,’ എന്നും മോദി പറഞ്ഞു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അഭിനന്ദിച്ചു.

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിര്‍മ്മാണവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഗതിശക്തി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികള്‍ക്കായി തുറക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്‌കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

PM Modi In 75 th Independence day  The next 25 years are ‘Amruth Kal’;aims to build an India where the government does not interfere in the lives of its citizens

We use cookies to give you the best possible experience. Learn more