Advertisement
World
പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമില്ല; ചൈനയോട് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 13, 02:21 pm
Thursday, 13th June 2019, 7:51 pm

ബിഷ്‌ഹേക്ക്: പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്‍ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവര്‍ പിന്തുടരുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

കിര്‍ഗിസ്ഥാനിലെ ബിഷ്‌ഹേക്കില്‍ നടക്കുന്ന ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്സിഒ) ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉച്ചകോടിക്കാണ് പ്രധാനമന്ത്രി ബിഷ്‌ഹേക്കില്‍ വന്നത്. ബിഷ്‌ഹേക്കില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ആഗോള സുരക്ഷ, ബഹുമുഖമായ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.