| Wednesday, 22nd December 2021, 9:49 pm

മോദി രാജ്യത്തെ ഈ നിലയില്‍ കൊണ്ടെത്തിച്ചു: ബി.ജെ.പി ദേശീയ അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ജനാധിപത്യത്തിന്റെ ശൈലി മാറ്റിയത് മോദിയാണെന്ന് നദ്ദ പറഞ്ഞു.

ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദിയുടെ നേതൃത്വത്തിന് കീഴില്‍ രാഷ്ട്രീയത്തിന്റെ സംസ്‌കാരം മാറി. ഗോവയിലെ നമ്മുടെ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡായി ഞാന്‍ ഈ ചടങ്ങിനെ കാണുന്നു,’ പനാജിയില്‍ സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് നദ്ദ പറഞ്ഞു.

2014 ല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് നിലനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരുകള്‍ സ്വന്തം കുടുംബത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ വാജ്‌പേയ്, മോദി സര്‍ക്കാരുകള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

2014 ന് ശേഷമാണ് രാജ്യം വികസനത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതെന്നും മോദിയാണ് രാജ്യത്തെ ഈ നിലയില്‍ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോദി ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റിയെന്നും നദ്ദ പറഞ്ഞു. പ്രധാനമന്ത്രി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

‘ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഇപ്പോള്‍ മാറ്റമുണ്ട്. ഈ മാറ്റം സംഭവിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂലമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഞാനിതൊരു പ്രസംഗത്തിനിടയില്‍ പറയുന്ന കാര്യമല്ല. ആളുകളെ ആകര്‍ഷിക്കുന്നതിനായി പ്രസംഗങ്ങള്‍ നടത്തുന്നതായിരുന്നു നേരത്തെയുള്ള ശൈലി,’ അദ്ദേഹം പറഞ്ഞു.

മോദി പ്രധാനമന്ത്രിയായി വന്നതോടെ ജനങ്ങളുടെ ആശങ്കകളിലേക്കും ക്ഷേമത്തിലേക്കും ശ്രദ്ധ തിരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PM Modi has changed working culture in a democracy: Nadda

We use cookies to give you the best possible experience. Learn more