ന്യൂദല്‍ഹി: ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കാനാണ് ബി.ജെ.പി സര്‍ക്കാരിന്റ നീക്കമെന്ന് കോണ്‍ഗ്രസ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അധികാരക്കൊതി കൊണ്ട് അന്ധനായി മാറിയ മോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലെയാണെന്നും പരാമര്‍ശമുണ്ട്.
മഹാഭാരതത്തില്‍ നിന്നുള്ള മറ്റൊരു കഥാപാത്രമായ ദുര്യോധനനോടാണ് ബി.ജെ.പിയെ കോണ്‍ഗ്രസ് ഉപമിക്കുന്നത്. രാജ്യത്തെ ഐക്യത്തെയും സാഹോദര്യത്തെയും വസ്ത്രാക്ഷേപം ചെയ്യുകയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
“തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു കൊണ്ട് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അനാരോഗ്യകരമായ മാനസികാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.” സുര്‍ജേവാല പറയുന്നു.
Also Read: പേരാമ്പ്രയില്‍ എസ്.ഡി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
“അധികാരത്തോട് ആര്‍ത്തി പൂണ്ട മോദി ധൃതരാഷ്ട്രരെപ്പോലെ അന്ധനായി മാറിയിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ പരാജയം നേരിടുമെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മതവിദ്വേഷം പ്രരിപ്പിച്ചും ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിച്ചും വിജയം നേടാനുള്ള ശ്രമത്തിലാണവര്‍.”
അധികാരത്തിലേറുക എന്നതുമാത്രമാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”ഗാന്ധിജിയുടെ ചിന്താധാരകളെ പരാജയപ്പെടുത്താന്‍ ഗോഡ്‌സെയുടെ ആശയങ്ങള്‍ക്ക് സാധിക്കില്ലെന്ന് മോദിജി തിരിച്ചറിയണം. കോണ്‍ഗ്രസിന്റെ മതമേതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇന്ത്യയാണ് ഞങ്ങളുടെ മതം. എല്ലാ പൗരനെയും മതത്തെയും ജാതിയെയും ഭാഷയെയും ആചാരാനുഷ്ഠാനങ്ങളെയും പ്രാദേശികതയെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.” സുര്‍ജേവാല പറയുന്നു.
പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് പന്തല്‍ തകര്‍ന്നു വീണ സംഭവത്തെയും സുര്‍ജേവാല പരാമര്‍ശിച്ചു. ജനങ്ങള്‍ക്ക് പരിക്കുപറ്റിയതിനു ശേഷവും അധികാരക്കൊതിയനായ മോദിജി പ്രസംഗം തുടരുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗുജറാത്തും ആസ്സാമും മഹാരാഷ്ട്രയും വെള്ളപ്പൊക്കം കൊണ്ടു വലയുമ്പോഴും റാലികള്‍ നടത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും സുര്‍ജേവാല മാധ്യമങ്ങളോടു പറഞ്ഞു.