ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണ്‍ നമ്പര്‍ ചോദിച്ച് കര്‍ഷകര്‍.
വിളയുടെ വില കൂട്ടാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അല്ലാതെ കാര്‍ഷിക വായ്പ കൂട്ടാനല്ലെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു.
തങ്ങള്‍ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രധാനമന്ത്രി മോദി, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തരൂ, ഞങ്ങള്‍ സംസാരിക്കാന്‍ തയ്യാറാണ്” ടികായത് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എപ്പോഴും ഒരു ഫോണ്‍ കോളിനപ്പുറത്തുണ്ടെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നുമായിരുന്നു സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
അതേസമയം, തിങ്കളാഴ്ച നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകള്‍ രംഗത്തുവന്നിരുന്നു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും രാകേഷ് ടികായത് പറഞ്ഞിരുന്നു.
കാര്‍ഷിക മേഖലയ്ക്ക് 75,060 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. താങ്ങുവില നടപ്പുവര്‍ഷം ഇരട്ടിയാക്കി കൃഷി ചെലവിന്റെ 1.5 ഇരട്ടി ഉറപ്പാക്കുമെന്നും 16.5 ലക്ഷം കോടി കാര്‍ഷിക വായ്പ ഈ വര്‍ഷം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. കാര്‍ഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Conetent Highlights: . PM Modi, give us your mobile number. We are ready to talk says Rakesh Tikait