'പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്'; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍
Daily News
'പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്'; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th September 2017, 7:37 pm

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശക്തമായി നില കൊള്ളുകയും ചെയ്തിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെമ്പാടും പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മാധ്യമ മേഖലയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നുമെല്ലാം പ്രതിഷേധങ്ങള്‍ ഉയരുകയാണ്. എന്നാല്‍ ഗൗരിയുടെ കൊലയെ ഫാസിസ്റ്റ് ശക്തികള്‍ ആഘോഷിക്കുകയാണ്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരിഹസിക്കുകയും സന്തോഷിക്കുകയും ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മിക്കതും കേന്ദ്രമന്ത്രിമാര്‍ ഫോളോ ചെയ്യുന്നതാണ്. ഗൗരിയുടെ കൊലപാതകത്തെ അവഹേളിച്ച നാല് ട്വിറ്റര്‍ അക്കൗണ്ടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പിന്തുടരുന്നതാണ്. ഗൗരിയുടെ കൊലയെ ബുര്‍ഹാന്‍ വാനിയോട് താരതമ്യം ചെയ്ത ആശിഷ് സിംഗിന്റെ ട്വിറ്റര്‍ നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പിന്തുടരുന്നതാണ്.

“ബുര്‍ഹാന്‍ വാനിയ്ക്ക് ശേഷം ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു. എന്ത് കഷ്ടം” എന്നായിരുന്നു ആശിഷിന്റെ ട്വീറ്റ്. പിന്നീട് “തീവ്രവാദികളില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം വേണം, ജയ് ശ്രീറാം ജയ് ശ്രീറാം” എന്നെഴുതിയ ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഗൗരിയുടെ കൊലപാതകത്തെ കുറിച്ചുള്ള ബിസിനസ് ടൈംസിന്റെ വാര്‍ത്ത ആശിഷ് ട്വീറ്റ് ചെയ്തിരിക്കുന്നത് “ചെയ്തതെന്താണോ അതുപോലെ തന്നെ അനുഭവവും” എന്ന ക്യാപ്ഷനോടെയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു പുറമെ കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും വിജയ് ഗോയലും ആശിഷിനെ പിന്തുടരുന്നവരാണ്. സ്വയം പൊളിറ്റിക്കള്‍ സ്ട്രാറ്റജിസ്റ്റെന്നും കാര്‍ട്ടൂണിസ്റ്റുമെന്നും വിശേഷിപ്പിക്കുന്ന ആശിഷ് ഞാനൊരു ഹിന്ദുവാണെന്നും ടീം മോദിയാണെന്നും പറയുന്നുണ്ട്.

ഗൗരിയുടെ മരണത്തെ പരിഹസിച്ചു കൊണ്ടുള്ള മറ്റൊരു ട്വീറ്റ് നിഖില്‍ ധാദിച്ചിന്റേതായിരുന്നു. നായയുടെ മരണത്തോടായിരുന്നു അയാള്‍ ഗൗരിയുടെ കൊലയെ താരതമ്യം ചെയ്തത്. ഗൗരിയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുവര്‍ നായ്ക്കളാണെന്നും നിഖില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇയാളേയും പ്രധാനമന്ത്രി മോദി പിന്തുടരുന്നുണ്ട്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗും നിഖിലിനെ പിന്തുടരുന്നുണ്ട്.

ജേര്‍ണലിസ്റ്റ് കൂടിയായ ജഗ്രതി ശുക്ലയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നത് ചെയ്ത പാപം നിങ്ങളെ പിന്തുടര്‍ന്നു പിന്നാലെ വരുമെന്നായിരുന്നു. ദളിതരേയും സിക്കുകളേയും മറ്റും അപമാനിച്ചതിന്റെ ചരിത്രമുള്ളയാളാണ് ജഗ്രതിയെന്നോര്‍ക്കണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി എം.പി ആനന്ദ് കുമാറിന്റെ ഒ.എസ്.ഡിയുമായിരുന്ന വിശ്വേശ്വര്‍ ഭട്ടിന്റെ ട്വീറ്റില്‍ ഗൗരിയെ നക്‌സല്‍ അനുഭാവി എന്നായിരുന്നു.

ഓള്‍ ഇന്ത്യ റേഡിയോയിലെ അവതാരികയും പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുകയും ചെയ്യുന്ന റിത ഗൗരിയെ വിശേഷിപ്പിച്ചത് ലെഫ്റ്റിസ്റ്റ്, നക്‌സല്‍ സിംപതൈസര്‍, ആന്റി എസ്റ്റാബ്ലിഷ്‌മെന്റ്, ആന്റി ഹിന്ദു എന്നായിരുന്നു.


Also Read:  ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന് ഒരു അപവാദം ഉണ്ടെന്ന് കൂടി ചേര്‍ക്കാമായിരുന്നു; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും പ്രതിചേര്‍ത്തുള്ള സുരേന്ദ്രന്റെ പോസ്റ്റിന് പൊങ്കാല


പ്രധാനമന്ത്രി പിന്തുടരുന്ന മറ്റൊരാളായ ഒക്‌സോമിയ ജിയോറിയും ഗൗരിയെ ആന്റി നാഷണല്‍ ആയാണ് ചിത്രീകരിക്കുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് ഗൗരിയുടെ കൊലപാതകത്തെ ആഘോഷിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അവരുടെ വേരുകള്‍ തപ്പിയിറങ്ങിയാല്‍ ചെന്നെത്തുന്നതാകട്ടെ സംഘപരിവാറിലും ഹിന്ദുത്വത്തിലുമാണ്.