ചെന്നൈ: ബി.ജെ.പിക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാന്‍ മോദി ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ടാബ്ലോ ഒഴിവാക്കിയത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും സ്റ്റാലിന്‍ ചോദിച്ചു.
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡി.എം.കെ സഖ്യസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
തമിഴ് ജനതയ്ക്ക് ദേശസ്‌നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ലെന്നും, സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നുവെന്നാണ് മോദി കരുതുന്നത്. വേലുനാച്ചിയാരെയയും സുബ്രഹ്‌മണ്യ ഭാരതിയെയും മരതു സഹോദരന്മാരെയും ചിദംബരണരെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
റിപബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റ് ടാബ്ലോകളില്‍ നിന്നും തമിഴ്‌നാടിന്റെ ടാബ്ലോ എങ്ങനെയാണ് താഴെയാവുന്നത്. ഭാരതിയാരുടെ കവിതകള്‍ തന്റെ പ്രസംഗത്തില്‍ പോലും ഉദ്ധരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമയെ എന്തിനാണ് വിലക്കുന്നത്,’ സ്റ്റാലിന്‍ ചോദിച്ചു.
അതേസമയം, ടാബ്ലോക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ റിപബ്ലിക് ദിനത്തില്‍ സംസ്ഥാനത്ത് ആഘോഷപൂര്‍വം ടാബ്ലോ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് തമിഴ്‌നാട് നല്‍കിയ വൈകാരികമായ വിടവാങ്ങലിനെക്കുറിച്ച പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തെയും സ്റ്റാലിന്‍ ഇതിനിടയില്‍ സൂചിപ്പിച്ചു.
‘രാജ്യത്തിന് വേണ്ടി പോരാടിയവരുടെ സംഭാവനകളെ തമിഴ്‌നാട് എന്നും ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തമിഴ് ജനതയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല.
ചരിത്രം ഈ വസ്തുതയുടെ തെളിവാണ്. അവര്‍ക്കും നമുക്കും ഇടയിലുള്ള ഒരേയൊരു പ്രശ്‌നമെന്തെന്നാല്‍ രാജ്യത്തെ അവര്‍ കേവലം പ്രദേശം മാത്രമായാണ് അവര്‍ കാണുന്നത്. എന്നാല്‍ രാജ്യമെന്നാല്‍ അവിടെ വസിക്കുന്ന ജനങ്ങളും അവരുടെ സംസ്‌കാരവും ജീവിതവും ഉള്‍ക്കൊള്ളുന്നതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,’ സ്റ്റാലിന്‍ പറയുന്നു.
തമിഴ്നാട് കേരളം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന പ്ലോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.
തമിഴ്നാടിന്റെ ടാബ്ലോ ഒഴിവാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായ ചിദംബരണര്‍, മഹാകവി സുബ്രഹ്‌മണ്യ ഭാരതിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ ആദ്യ രാജ്ഞിയായ റാണി വേലും നാച്ചിയാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയ മരതു സഹോദരന്‍മാര്‍ ഇവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു തമിഴ്നാടിന്റെ ഇത്തവണത്തെ ടാബ്ലോ.
തമിഴ്നാടിന്റെ ടാബ്ലോകള്‍ മൂന്നാം റൗണ്ടില്‍ തന്നെ വിദഗ്ധ സമിതി ഒഴിവാക്കിയെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്. എന്നാല്‍ നാലാം റൗണ്ടിലാണ് തങ്ങളുടെ ടാബ്ലോ പുറംതള്ളപ്പെട്ടതെന്നും, എന്ത് കാരണത്താലാണ് ഒഴിവാക്കിയത് എന്ന കേന്ദ്രം വ്യക്തമാക്കിയിരുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
Content Highlight: PM Modi doesn’t have to hand out certificates to Tamils on patriotism: M K Stalin