| Tuesday, 3rd July 2018, 2:13 pm

'മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ മേല്‍': ആഞ്ഞടിച്ച് ജിഗ്നേഷ് മേവാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മാരകമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നത് 125 കോടി ജനങ്ങള്‍ക്കുമേലാണെന്ന് ജിഗ്നേഷ് മേവാനി. നോട്ടു നിരോധനവും ജി.എസ്.ടിയും കൊണ്ടുവന്നതാണ് മോദി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് മേവാനി മാധ്യമങ്ങളോടു പറഞ്ഞത്.

2016 സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മേവാനിയുടെ പ്രസ്താവന. പാക്കധീന കാശ്മീരില്‍ നടത്തിയതിനേക്കാള്‍ എത്രയോ വലിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു നോട്ടു നിരോധനവും ജി.എസ്.ടിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം പകരം ഞങ്ങളുടെ സഖാവിന്റെ ജീവന്‍ തരുമോ; എം.സ്വരാജ്


“കുറേക്കൂടി മാരകമായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് യഥാര്‍ത്ഥത്തില്‍ മോദിജി ഈ രാജ്യത്തെ ജനങ്ങളുടെ മേല്‍ നടത്തിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതു നിറവേറ്റാതിരിക്കുന്നതു വഴി കര്‍ഷകരുടെ മേലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി.” മേവാനി വിശദീകരിച്ചു.

രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും, അതു ചെയ്യാതിരിക്കുന്നതിലൂടെ യുവാക്കള്‍ക്കു മേലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ടുവന്നു. “ഇതുമാത്രമല്ല, മജിതിയാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താതെ മാധ്യമങ്ങള്‍ക്കുമേലും ഇതേ നടപടിയാണ് മോദിജി സ്വീകരിച്ചിരിക്കുന്നത്.” മേവാനി പറഞ്ഞു.


Also Read: ബാലപീഡനം മറച്ചുവെച്ചു; കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന് ഒരുവര്‍ഷത്തെ തടവ്


125 കോടി ജനങ്ങള്‍ക്കു നേരെയാണ് നടന്നിരിക്കുന്നതെന്നതിനാല്‍ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കൂടുതല്‍ അപകടകാരിയെന്നും വാദ്ഗാം എം.എല്‍.എയായ മേവാനി പ്രസ്താവിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ബി.ജെ.പി സൈനിക നീക്കത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സും രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more