| Wednesday, 25th April 2018, 7:22 am

ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തണം; പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നും പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാണ്ട്ല: കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ മാണ്ഡലയില്‍ ദേശീയ പഞ്ചായത്തി രാജ് ദിനവുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം. ഇതിനുവേണ്ടി സാമൂഹിക മുന്നേറ്റംതന്നെ ഉണ്ടാകണം.” അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മുന്നോട്ടുവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ എല്ലാവരും സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം പറഞ്ഞു.

കുടുംബത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അതോടൊപ്പം ആണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തവും പഠിപ്പിച്ച് നല്‍കണം. ആണ്‍കുട്ടികള്‍ ഉത്തരവാദിത്ത ബോധമുള്ളവരായി മാറിയാല്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഒരിക്കലും ബുദ്ധിമുട്ടേറിയ കാര്യമാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ കാത്ത് തുക്കുമരണുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യമുന്നേറ്റം അനിവാര്യമാണ്. ഈ പ്രശ്നത്തില്‍ രാജ്യം ഒന്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പിയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more