ന്യൂദല്‍ഹി: ഗീത പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് മുഴുവന്‍ ജൂറി അംഗങ്ങളുടെയും അനുമതി തേടാതെയെന്ന് റിപ്പോര്‍ട്ട്. അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് അവാര്‍ഡ് ജൂറി അംഗമായ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു മഹാസഭയുമായി ഗീത പ്രസിനും ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെക്കുമുള്ള ബന്ധം, ഇത്തവണത്തെ ഗാന്ധി സമാധാന പുരസ്‌കാരത്തെ വിവാദത്തിലാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം ആര്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കുന്നത്. പുരസ്‌കാര നിര്‍ണയ സമിതിയില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയും അംഗമാണ്.
എന്നാല്‍ അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് അധിര്‍ രഞ്ജന്‍ വെളിപ്പെടുത്തി. ജൂറിയുടെ ഒരു യോഗത്തിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ഗീത പ്രസിന് അവാര്‍ഡ് പ്രഖ്യാപിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ചൗധരി പറഞ്ഞു.
അതേസമയം, അധിര്‍ രഞ്ജന്‍ ചൗധരിയെ ക്ഷണിച്ചിരുന്നെന്നാണ് സാംസ്‌കാരിക മന്ത്രാലയം അവകാശപ്പെടുന്നത്. ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് അഞ്ചംഗ സമിതിയാണ് ആര്‍ക്ക് സമ്മാനം നല്‍കണമെന്ന് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി ബുധനാഴ്ച എഡിറ്റോറിയല്‍ എഴുതി. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് വിശ്വാസ്യത നേടിയെടുക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായി വേണം ഗീതാ പ്രസിന് ഗാന്ധി പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ മനസിലാക്കാനെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
മതനിരപേക്ഷ ഇന്ത്യക്ക് അടിത്തറ പാകിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ മതമൗലിക പ്രത്യയശാസ്ത്ര നിര്‍മിതിക്കും പ്രചാരണത്തിനും ചുക്കാന്‍ പിടിച്ച ഒരു സ്ഥാപനത്തെ ഗാന്ധിജിയെ ആദരിക്കാനായി രാജ്യം ഔദ്യോഗികമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളെ അപ്രസക്തമാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ഗാന്ധിജി പ്രതിനിധാനം ചെയ്തതിനെയെല്ലാം എതിര്‍ത്ത പ്രസ്ഥാനത്തെ ഗാന്ധിജിയുടെ പേരില്‍ പുരസ്‌കരിച്ചതിലൂടെ കാണിച്ച കൗശലം എതിര്‍ക്കേണ്ടതും തുറന്നു കാണിക്കേണ്ടതും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണെന്നും ദേശാഭിമാനി കൂട്ടിച്ചര്‍ക്കുന്നു.
മനുവാദികളാല്‍ നയിക്കപ്പെടുന്ന മതരാഷ്ട്രത്തിലേക്കുള്ള പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് മതനിരപേക്ഷ ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കപ്പെടുന്നതിലെ ഗൂഢലക്ഷ്യം വെളിവാക്കപ്പെടേണ്ടത് മാനവികതയുടെ നിലനില്‍പ്പിന്റെ ആവശ്യമാണെന്നും ദേശാഭിമാനി കുറിച്ചു.
1926ല്‍ പ്രസിദ്ധീകരണം ആരംഭിച്ച തീവ്രഹിന്ദുത്വ മാസിക കല്ല്യാണിന്റെ എഡിറ്റര്‍ ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍ ഗാന്ധിവധത്തിന് പിന്നാലെ അറസ്റ്റിലായവരില്‍ ഒരാളാണ്. ഗാന്ധി വധത്തിന് ശേഷം പുറത്തിറങ്ങിയ കല്യാണിന്റെ ഫെബ്രുവരി, മാര്‍ച്ച് ലക്കങ്ങള്‍ ഗാന്ധിവധത്തെക്കുറിച്ച് മൗനം പാലിച്ചതിനും മതിയായ വിശദീകരണങ്ങളുണ്ടായിട്ടില്ല.
ആര്‍.എസ്.എസിനും ഹിന്ദു മഹാസഭയ്ക്കും പിന്നീട് ജനസംഘത്തിനും തുടര്‍ന്ന് ബി.ജെ.പിക്കും പിന്തുണ നല്‍കിയ ഗീതാ പ്രസ്, എക്കാലത്തും വാദിച്ചുപോന്നത് മതനവോത്ഥാനത്തിന് വേണ്ടിയല്ല, ജീര്‍ണതകള്‍ക്ക് വേണ്ടിയാണ് എന്നത് ശ്രദ്ധേയമാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.