വികസിത ഭാരതം കെട്ടിപ്പടുക്കാൻ ബി.ജെ.പിക്ക് സംഭാവന നൽകൂ; അഭ്യർത്ഥനയുമായി പ്രധാനമന്ത്രി
India
വികസിത ഭാരതം കെട്ടിപ്പടുക്കാൻ ബി.ജെ.പിക്ക് സംഭാവന നൽകൂ; അഭ്യർത്ഥനയുമായി പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 1:57 pm

ന്യൂദല്‍ഹി: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി ബി.ജെ.പിയുടെ ഫണ്ടിലേക്ക് 2000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തന്നെയാണ് പണം നല്‍കിയതിന്റെ ബില്ലുള്‍പ്പടെയുള്ള വിവരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്.

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ എല്ലാ ജനങ്ങളും ബി.ജെ.പിയുടെ ഫണ്ടിലേക്ക് പണം നല്‍കി സഹായിക്കണമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.

‘വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നമോ ആപ്പിലൂടെ ഈ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെ ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി.

അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 720 കോടിയോളം രൂപയാണ് 2022-23 വര്‍ഷങ്ങളില്‍ ബി.ജെ.പിക്ക് ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ചത്.

സുപ്രീം കോടതിയുടെ തീരുമാനത്തെ പ്രതിപക്ഷം അഭിനന്ദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഫണ്ടിങിന്റെ സുതാര്യതക്ക് വേണ്ടിയാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ബി.ജെ.പി അവകാശപ്പെട്ടു.

Contant Highlight: PM Modi Contributes Rs 2,000 To BJP Fund, Seeks Donation For “Nation Building”