അന്ന് ട്രംപിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം, ഇന്ന് ബൈഡനും കമലയ്ക്കും മോദിയുടെ അഭിനന്ദനം
national news
അന്ന് ട്രംപിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം, ഇന്ന് ബൈഡനും കമലയ്ക്കും മോദിയുടെ അഭിനന്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 8:31 am

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബൈഡന്റെ അത്ഭുതകരമായ വിജയത്തില്‍ അഭിന്ദനങ്ങള്‍ എന്നാണ് മോദിയുടെ പ്രതികരണം. ഇന്ത്യയും -യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നെന്നും മോദി പറഞ്ഞു.

ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.

കമലാ ഹരിസിന്റെ വിജയം ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും വളരെയധികം അഭിമാനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്താമെന്നും മോദി പറഞ്ഞു.

നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.

അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ട്രംപിനെ തള്ളി ബി.ജെ.പി രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ട്രംപിന് കഴിഞ്ഞില്ലെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: PM Modi Congratulates Jo Biden and Kamala Harris