| Monday, 13th December 2021, 11:15 pm

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഹര്‍നാസ് സന്ധു. ഇസ്രാഈലിലെ എയ്‌ലാറ്റില്‍ നടന്ന മത്സരത്തിലാണ് പഞ്ചാബ് സ്വദേശിയായ ഹര്‍നാസ് സന്ധു ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹര്‍നാസ് സന്ധുവിനെ അഭിനന്ദിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘മിസ് യൂണിവേഴ്‌സായി കിരീടം നേടിയ ഹര്‍നാസ് സന്ധുവിന് അഭിനന്ദനങ്ങള്‍. ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു,’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ സുസ്മിത സെന്നും ലാറ ദത്തയും ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം നേടിയിരുന്നു. ഇസ്രായേലിലെ എയ്‌ലാറ്റില്‍ നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഹര്‍നാസ് കിരീടം നേടിയത്.

ആഗോളതലത്തില്‍ തത്സമയ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ മെക്സിക്കോയില്‍ നിന്നുള്ള 2020 ലെ വിശ്വസുന്ദരിയായിരുന്ന ആന്‍ഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിന് കിരീടം സമ്മാനിച്ചത്.

യഥാക്രമം പരാഗ്വേയും ദക്ഷിണാഫ്രിക്കയുമാണ് ഫസ്റ്റ്, സെക്കന്‍ഡ് റണ്ണേഴ്‌സ് അപ്പുകള്‍. കാലവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ചോദ്യമായിരുന്നു അവസാന റൗണ്ടില്‍ മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നത്.

2017ല്‍ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സര യാത്ര ആരംഭിച്ചത്. 21 കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pm-modi-congratulates-harnaaz-sandhu-for-winning-miss-universe

We use cookies to give you the best possible experience. Learn more