സിയാച്ചിനില്‍ കാണാതായ സൈനികര്‍ മരിച്ചതായി സൈന്യത്തിന്റെ സ്ഥിരീകരണം
Daily News
സിയാച്ചിനില്‍ കാണാതായ സൈനികര്‍ മരിച്ചതായി സൈന്യത്തിന്റെ സ്ഥിരീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2016, 11:13 pm

ssiachin

ജമ്മു: സിയാച്ചിനിലെ മഞ്ഞു വീഴ്ചയില്‍ കാണാതായ പത്തുസൈനികരും മരിച്ചതായി സൈന്യം. സൈനികരെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് സൈന്യം നേരത്തെ പറഞ്ഞിരുന്നു. ലഡാക്ക് മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്നും 19,600 അടി ഉയരത്തില്‍ സൈനിക പോസ്റ്റ് നില്‍ക്കുന്നിടത്തേക്കാണ് ഒരു കിലോമീറ്റര്‍ വീതിയും 600 മീറ്റര്‍ ഉയരവുമുള്ള മഞ്ഞുപാളി അടര്‍ന്നുവീണത്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജീവന്‍ ത്യജിച്ച ധീരയോദ്ധാക്കളെ അഭിവാദനം ചെയ്യുന്നതായി സൈന്യം പുറത്തു വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.


ബുധനാഴ്ചയാണ് ദുരന്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം നേടിയ സംഘത്തെയും സ്‌നിഫര്‍ നായ്ക്കളെയും ഉപയോഗിച്ചിരുന്നു. എന്നാല്‍ കൂറ്റന്‍ മഞ്ഞുകട്ടകള്‍ തുരന്നുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയായിരുന്നു.

മൈനസ് 25നും 42നും ഇടയിലാണ് സിയാച്ചിനിലെ തണുപ്പ്. 1980കളിലാണ് ഇന്ത്യയും പാകിസ്ഥാനും ഇവിടെ സൈനിക പോസ്റ്റ് സ്ഥാപിച്ചത്. സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനേക്കാള്‍ മോശം കാലാവസ്ഥയാണ് ഇവിടെ സൈനികരുടെ മരണത്തിന് കാരണമാകുന്നത്.

കഴിഞ്ഞ മാസം പെട്രോളിംഗ് നടത്തുന്നതിനിടെ 4 ഇന്ത്യന്‍ സൈനികര്‍ ഇവിടെ മരണപ്പെട്ടിരുന്നു. 869 സൈനികരെയാണ് സിയാച്ചിനില്‍ ഇതുവരെ ഇന്ത്യക്ക് നഷ്ടമായത്. 2012ല്‍ പാകിസ്ഥാന്റെ കൈവശമുള്ള മേഖലയില്‍ മഞ്ഞിടിഞ്ഞതിനെ തുടര്‍ന്ന് 129 പാക് സൈനികരടക്കം 140 പേര്‍ മരണപ്പെട്ടിരുന്നു.