| Sunday, 25th August 2019, 12:38 pm

ഹിന്ദിയറിയാത്ത ബിയര്‍ ഗ്രില്‍സ്, ഇംഗ്ലീഷ് അറിയാത്ത മോദി; മേന്‍ വേഴ്‌സസ് വൈല്‍ഡ് ലൈഫ് പരിപാടിയില്‍ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ആഗസ്റ്റ് 12നായിരുന്നു പരിപാടി ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്തത്. പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ മോദി സഞ്ചരിക്കുന്നതും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളുമായിരുന്നു എപ്പിസോഡ്.

എന്നാല്‍ പരിപാടിയില്‍ മുഴുനീളം മോദി ഹിന്ദിയിലാണ് സംസാരിക്കുന്നത്. ഇംഗ്ലീഷിലുള്ള ബിയര്‍ ഗ്രില്‍സിന്റെ ചോദ്യത്തിന് മോദി ഹിന്ദിയില്‍ മറുപടി നല്‍കുന്നു. എന്നാല്‍ മോദി പറയുന്ന ഹിന്ദി ബിയര്‍ ഗ്രില്‍സിന് മനസിലാകുന്നുമുണ്ട്.

എന്നാല്‍ ഹിന്ദിയറിയാത്ത ബിയര്‍ ഗ്രില്‍സ് താന്‍ പറയുന്നത് എങ്ങനെ മനസിലാക്കിയെന്നാണ് എല്ലാവരും തന്നോട് ചോദിക്കുന്നതെന്നും അതിനുള്ള മറുപടി താന്‍ നല്‍കാമെന്നുമാണ് ഇന്നത്തെ മാന്‍ കി ബാത്തില്‍ മോദി പറഞ്ഞത്.

”ഞാന്‍ സംസാരിക്കുന്ന ഹിന്ദി ഒരേസമയം വിവര്‍ത്തനം ചെയ്ത് ഇംഗ്ലീഷിലാക്കിയാണ് ബിയര്‍ ഗ്രില്‍ കേള്‍ക്കുന്നത്. ബിയര്‍ ഗ്രില്‍സിന്റെ ചെവിയില്‍ ഒരു ചെറിയ കോര്‍ഡ്ലെസ്സ് ഉപകരണം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ സംസാരിക്കുന്ന ഹിന്ദി അദ്ദേഹത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാന്‍സ്ലേറ്റ് ചെയ്തു ലഭിച്ചു. അതിനാല്‍ ആശയവിനിമയം വളരെ എളുപ്പമായിരുന്നു.

മാത്രമല്ല സാങ്കേതികവിദ്യയുടെ അതിശയകരമായ ഒരു വശംകൂടിയാണ് ഇതെന്നുമായിരുന്നു മോദി പറഞ്ഞത്. ഈയൊരു പരിപാടിയിലൂടെ ലോകത്തെ നിരവധി യുവാക്കളിലേക്ക് തനിക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിച്ചെന്നും മോദി പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് ബിയര്‍ ഗ്രില്ലിന്റെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ഇംഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞാല്‍ പോരെ എന്ന സംശയമാണ് ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിയര്‍ ഗ്രില്‍സിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി എന്തുകൊണ്ട് ഇംഗ്ലീഷില്‍ മറുപടി പറയുന്നില്ലെന്ന സംശയമാണ് ഇതിലൂടെ ഉയര്‍ന്നത്.

മോദി പറയുന്ന ഹിന്ദി ബിയര്‍ ഗ്രില്‍സിന് ട്രാസ്ലേറ്റ് ചെയ്തു ലഭിച്ച പോലെ ബിയര്‍ ഗ്രില്‍ പറയുന്ന ഇംഗ്ലീഷ് താങ്കള്‍ക്കും ഹിന്ദിയിലാക്കി ലഭിച്ചതാവുമല്ലേയെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

ശ്രദ്ധേയമായ സര്‍വൈവല്‍ ഷോയാണ് മാന്‍ വേഴ്സസ് വൈല്‍ഡ്. 2006ലാണ് പരിപാടി ആദ്യമായി സംപ്രേഷണം ചെയ്തത്. പ്രകൃതിയിലേക്ക് ഒരു മനുഷ്യന്‍ നടത്തുന്ന യാത്രയാണ് പരിപാടിയുടെ മുഖ്യ ആശയം.

ആ യാത്രക്കിടെ നേരിടുന്ന പ്രതിസന്ധികളും അതേ സമയം കാടിന്റെ മനോഹാരിതയും ഒരു പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരിപാടിക്ക് നിരവധി ആരാധാകരുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക എപ്പിസോഡ് ഡിസ്‌കവറിയുടെ 12 വ്യത്യസ്ത ചാനലുകളില്‍ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റ് ദേശീയോദ്യാനത്തിലാണ് ഈ പരിപാടി ചിത്രീകരിച്ചിരുന്നത്. ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന സമയത്താണ് മോദി വീഡിയോ ചിത്രീകരണത്തില്‍ പങ്കെടുത്തതെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുല്‍വാമ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടര്‍ന്നെന്നുള്‍പ്പെടെയുള്ള വലിയ വിവാദങ്ങളും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more