ന്യൂദല്‍ഹി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ ലെയ്‌സാങ് ഗ്രാമം കഴിഞ്ഞ ദിവസം വൈദ്യുതീകരിച്ചതോടെ ഇന്ത്യയിലെ അവസാന ഗ്രാമവും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അവകാശപ്പെട്ടു. പദ്ധതി പൂര്‍ത്തീകരിച്ചാന്‍ പ്രവര്‍ത്തിച്ചവരോടുള്ള നന്ദിയും മോദി തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.
“ഏപ്രില്‍ 28, 2018 ഒരു ചരിത്രപരമായ ദിവസമായി ഓര്‍മ്മിക്കപ്പെടും. ഇന്നലെ ഇന്ത്യയിലെ നിരവധിയാളുകളുടെ ജീവിതം മാറ്റുന്ന ഒരു പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ഇപ്പോള്‍ വൈദ്യുതിയുണ്ടെന്ന കാര്യം എന്നെ സന്തോഷിപ്പിക്കുന്നു.”, “മണിപ്പൂരിലെ ലൈസങ് ഗ്രാമത്തിലും ഇന്ത്യയിലെ ആയിരക്കണക്കിന് മറ്റ് ഗ്രാമങ്ങളിലെ പോലെ വൈദ്യുതി ലഭിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തു.” – മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ലോകബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 1.06 ബില്യണ്‍ ജനങ്ങള്‍ക്ക് വൈദ്യുതിയില്ല. ഇന്ത്യയും നൈജീരിയയുമായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സര്‍ക്കാര്‍ വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ 597644 ഗ്രാമങ്ങളില്‍ മുഴുവന്‍ വൈദ്യുതീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
ഒരു ഗ്രാമം വൈദ്യുതിവല്‍കൃതമായി എന്ന് പ്രഖ്യാപിക്കപ്പെടാന്‍ ഗ്രാമത്തിലെ 10 ശതമാനം വീടുകള്‍, സ്‌കൂളുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലെങ്കിലും വൈദ്യുതി എത്തണം എന്നാണ് ചട്ടം.