| Friday, 26th April 2019, 11:25 am

മോദിയുടെ നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാമനിര്‍ദശപത്രികയില്‍ പേര് നിര്‍ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത്.

കോണ്‍ഗ്രസിന്റെ ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) കാമ്പയിന് ബദലായിട്ടായിരുന്നു മോദി മേം ഭീ ചൗക്കിദാര്‍ കാമ്പയിന് തുടക്കം കുറിച്ചത്. ഇതിന്റെ പിന്നാലെയാണ് നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിക്കാന്‍ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ മോദി തിരഞ്ഞെടുത്തത്.

വാരാണസിയില്‍ മോദിയുടെ പത്രികാ സമര്‍പ്പണത്തിനായി ബി.ജെ.പി നേതാക്കളായ അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ.പി നദ്ദ, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ കളക്ട്രേറ്റില്‍ എത്തി.

റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്. എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന ഉള്‍പ്പെടെ ഇത് പിന്നീട് ഉപയോഗിച്ചു. 2014 ല്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് മോദി ചൗക്കിദാര്‍ എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു.

റഫേല്‍ അഴിമതി പുറത്തുവന്നതിന് പിന്നാലെയാണ് മോദിക്കെതിരെ കോണ്‍ഗ്രസ് കാവല്‍ക്കാരന്‍ കള്ളനാണെന്ന കാമ്പയിന്‍ തുടങ്ങിയത്. ഇതിനെ പ്രതിരോധിക്കാനായി മോദി ചൗക്കിദാര്‍ ക്യാമ്പയിനും ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യം ട്വിറ്ററിലെ തന്റെ പേര് മാറ്റി ക്യാമ്പയിന് തുടക്കമിട്ടത്. ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നായിരുന്നു മോദി ട്വിറ്ററില്‍ പേര് മാറ്റിയത്.

We use cookies to give you the best possible experience. Learn more