ന്യൂദല്‍ഹി: രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ കടന്നു പോയപ്പോഴും പ്രധാനമന്ത്രി മോദിയ്ക്ക് ഒരു അഞ്ച് മിനുട്ട് പോലും സ്വന്തം പി.ആര്‍ (public relatiosn) പണി നിര്‍ത്തി വെക്കാന്‍ സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായി നിന്നെന്ന് പറഞ്ഞ മോദി ഉടന്‍ തന്നെ കോണ്‍ഗ്രസിനെതിരെ ആക്രമണം തുടങ്ങി. ദല്‍ഹിയില്‍ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യുന്നവേളയില്‍ പോലും അദ്ദേഹം സ്വയം പുകഴ്ത്തുകയും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതാണ് മോദിയും തങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് ശേഷം രാഷ്ട്രീയ വിമര്‍ശനങ്ങളൊന്നും നടത്താതെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ സ്വീകരിച്ചിരുന്നത്.
എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെയും ബാലാകോട്ടില്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തെയും സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാണിക്കാനാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ബാലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബി.ജെ.പിയ്ക്ക് അനുകൂലമാവുമെന്നും 22 മുതല്‍ 28 സീറ്റ് വരെ ബി.ജെ.പിയ്ക്ക് ലഭിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞതായിരുന്നു ഇതിലൊന്ന്.