ലക്‌നൗ: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും അവരുടെ തോല്‍വികള്‍ മറയ്ക്കാന്‍ ജമ്മുകശ്മീര്‍ പ്രശ്‌നത്തെ ഉപയോഗിക്കുകയാണെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം.
“കുറച്ച് ദിവസങ്ങളായി ജമ്മുകശ്മീരില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ രാജ്യം ഭീതിയിലാണ്. ജമ്മുകശ്മീര്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍ ബി.ജെ.പി പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ പോരായ്മകള്‍ മറയ്ക്കാനാണ് ഉപയോഗിക്കുന്നത്.”
ലക്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെ ആയിരുന്നു മായാവതിയുടെ പ്രതികരണം. എസ്.പി യുമായുള്ള സഖ്യത്തെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കാനായിരുന്നു യോഗം ചേര്‍ന്നത്.
മുന്‍പ് ദേശീയസുരക്ഷയുടെ വീഴ്ച്ചയെകുറിച്ചും മായാവതി മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
” ഒരു സമയത്ത് രാജ്യം യുദ്ധസമാനമായ അവസ്ഥയില്‍ കഴിയുമ്പോള്‍ ദേശീയ സുരക്ഷയെകുറിച്ച് ആലോചിക്കുന്നതിന് പകരം പ്രധാനമന്ത്രി ബി.ജെ.പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിലാണ് പ്രാധാന്യം നല്‍കിയിരുന്നത്.” മായാവതി പറഞ്ഞു.
എസ്.പിയും ബി.എസ്. പിയും ഉത്തര്‍പ്രദേശില്‍ 37 ഉം 38 ഉം സീറ്റുകളിലായി മത്സരിക്കാനാണ് തീരുമാനം. ഉത്തര്‍ പ്രദേശില്‍ ആകെ 80 സീറ്റാണ് ഉള്ളത്. മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.