| Saturday, 3rd December 2016, 10:31 am

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം സൂക്ഷിക്കുന്നത് മോദി: വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരിയും സൂക്ഷിപ്പുകാരനും മോദിയാണ്. ആദായനികുതി നിയമങ്ങളോടെല്ലാം അദ്ദേഹത്തിന്റെ അവഞ്ജയാണ്.


ലക്‌നൗ: കള്ളപ്പണത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ്. കള്ളപ്പണം ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ഉള്ളതും മോദിയുടെ കയ്യിലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.


നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം അദ്ദേഹം സ്വന്തം കൈവശമുള്ള കള്ളപ്പണം വെളിപ്പിക്കുന്നത് ദാരിദ്ര്യക്ഷേമ പദ്ധതികളുടെ പേരിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരിയും സൂക്ഷിപ്പുകാരനും മോദിയാണ്. ആദായനികുതി നിയമങ്ങളോടെല്ലാം അദ്ദേഹത്തിന്റെ അവഞ്ജയാണ്. ദരിദ്രര്‍ക്ക് വേണ്ടിയുള്ള ജനക്ഷേമ പദ്ധതികളുടെ പേര് പറഞ്ഞാണ് മോദി ഇപ്പോള്‍ കൈവശമുള്ള കള്ളപ്പണമൊക്കെ വെളുപ്പിക്കുന്നത്.

ഏപ്രില്‍ 1 മുതല്‍ നവംബര്‍ 30 വരെ എത്ര പണമാണ് ആര്‍.എസ്.എസും ബി.ജെ.പി രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറയുന്നു.


സെപ്റ്റംബര്‍ മാസത്തോടെ ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി ആര്‍.ബി.ഐ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളെല്ലാം നോട്ട് അസാധുവാക്കല്‍ തീരുമാനം നേരത്തെ അറിഞ്ഞു എന്നതിന്റെ തെളിവാണ് ഇത്.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം പണം പിന്‍വലിക്കാനായി എ.ടി.എമ്മിനും ബാങ്കിനും മുന്നില്‍ ക്യൂനില്‍ക്കവേ മരണപ്പെട്ട എല്ലാവരോടും മാപ്പ് പറയാന്‍ മോദി തയ്യാറാകണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more