| Wednesday, 16th November 2016, 7:32 pm

സര്‍ക്കാര്‍ ഇടപെടല്‍ പാടില്ല; മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തുടരണം. പക്ഷേ, അതിനു പരിമിതികളും വേണം.


ന്യൂദല്‍ഹി: മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളെ പുറത്തുനിന്നു നിയന്ത്രിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തുടരണം. പക്ഷേ, അതിനു പരിമിതികളും വേണം. അമ്മ കുഞ്ഞിനോട് കൂടുതല്‍ ഭക്ഷണം കഴിക്കരുതെന്നു പറയുന്നത് പോലെയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥ കാലത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അടച്ചു പൂട്ടേണ്ടി വന്ന സംഭവം നമ്മള്‍ ഓര്‍ക്കണം. പിന്നീട് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായ ശേഷമാണ് കാര്യങ്ങള്‍ സാധാരണനിലയിലായത് അദ്ദേഹം പറഞ്ഞു.

ഏതൊരു മരണവും ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍ സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ശുചിത്വഭാരതമിഷനെ പിന്തുണയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ചില തെറ്റുകളുടെ പേരില്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതിനേയും വിമര്‍ശിച്ചു. തെറ്റുകള്‍ ആര്‍ക്കും പറ്റാം, ഞങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്, നിങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്  മോദി പറഞ്ഞു.

We use cookies to give you the best possible experience. Learn more