ചണ്ഡിഗഢ്: ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി ആം ആദ്മി പാര്‍ട്ടിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുന്നയിച്ചത്.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സൈനികരുടെ ത്യാഗനിര്‍ഭരമായ സേവനത്തെ വിലകുറച്ചു കാണുകയാണെന്നും ബലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിക്കുന്നവരാണെന്നും മോദി പറഞ്ഞു.
‘അവര്‍ കേന്ദ്ര സര്‍ക്കാരിനെയും പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെ പോലും ചോദ്യം ചെയ്യുകയാണ്. സൈനികരുടെ ത്യാഗത്തെ വിലകുറച്ചു കാണുകയാണ്,’ മോദി പറയുന്നു.
ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിന് വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നും, ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ കാര്‍ഷിക-വ്യാവസായിക-വാണിജ്യരംഗം ലാഭത്തിലാവുമെന്നും പഞ്ചാബിന് പുതിയ മാനം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളെ സേവിക്കാന്‍ എനിക്ക് അഞ്ച് വര്‍ഷം തരൂ. വാണിജ്യ-വ്യാവസായിക-കാര്‍ഷിക രംഗങ്ങള്‍ ലാഭകരമാവുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു,’ മോദി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ തനി പകര്‍പ്പാവുകയാണെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചത് കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഇഷ്ടപ്പെട്ടിട്ടില്ല എന്നും മോദി പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ ഇവരെ വെറുതെ വിടരുതെന്നും ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇവിടെയുള്ളതില്‍ ഒരു പാര്‍ട്ടി പഞ്ചാബിനെ കൊള്ളയടിക്കുകയാണെന്നും മറ്റേ പാര്‍ട്ടി ദല്‍ഹിയില്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും മോദി പറഞ്ഞു.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. 117 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേതൃത്വം നല്‍കുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസ്, അകാലി ദള്‍ (സംയുക്ത്) എന്നിവര്‍ക്കൊപ്പം സഖ്യം ചേര്‍ന്നാണ് ബി.ജെ.പി പഞ്ചാബില്‍ മത്സരരംഗത്തിറങ്ങുന്നത്.
പഞ്ചാബില്‍ ബി.ജെ.പിയുടെ പ്രധാനസഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സഖ്യമുപേക്ഷിച്ചപ്പോള്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം നേരിട്ടിരുന്നു. എന്നാല്‍ അമരീന്ദറും പാര്‍ട്ടിയും എത്തിയതോടെ പഞ്ചാബ് പിടിക്കാം എന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്.
നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് ബി.ജെ.പിക്ക് അധികാരമില്ലാത്തത്. പഞ്ചാബ് പിടിച്ചടക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
content highlight: PM Modi Attacks Congress and AAP before assembly polls