ന്യൂദല്‍ഹി: പ്രളയക്കെടുതി മൂലം വിഷമിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള ജനങ്ങള്‍ കേരളീയര്‍ക്കു പിന്തുണയുമായി രംഗത്തെത്തിയതായും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ “മന്‍ കി ബാത്തി”ലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച മോദി സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതികള്‍ക്കിടയിലെ യഥാര്‍ഥ നായകന്‍മാരെന്ന് അഭിപ്രായപ്പെട്ടു.
വ്യോമസേന, കരസേന, നാവികസേന, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് തുടങ്ങിയ വിഭാഗങ്ങള്‍ കേരളത്തെ പ്രളയക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ അക്ഷീണം പ്രയത്‌നിച്ചു വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Read Also : “മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും”;ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ഇക്കുറി ക്രിയാത്മകമായ ഒരു സഭാ സമ്മേളനത്തിന് അവസരമൊരുക്കിയതായും മോദി പറഞ്ഞു. സാമൂഹിക നീതിയുടെയും യുവ ക്ഷേമത്തിന്റെയും പേരിലാകും ഇത്തവണത്തെ വര്‍ഷകാല സമ്മേളനം അറിയപ്പെടുക. ഇത്തവണ ലോക്‌സഭയില്‍ 21 ബില്ലുകളും രാജ്യസഭയില്‍ 14 ബില്ലുകളും പാസാക്കാന്‍ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.