എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പ്രധാനമന്ത്രി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റ് ഇല്ലെന്ന് പ്രകാശ് രാജ്
ന്യൂദൽഹി: തന്റെ അപ്ഡേറ്റുകൾ ലഭിക്കാൻ യൂട്യൂബിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ അമർത്താനും ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്കെതിരെ നടൻ പ്രകാശ് രാജ് രംഗത്ത്.
മണിപ്പൂരിൽ ഇന്റർനെറ്റ് ഇല്ലെന്നും എങ്ങനെ സബ്സ്ക്രൈബ് ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച പ്രധാനമന്ത്രിയുടെ വീഡിയോ ക്ലിപ്പിനൊപ്പം കുറിച്ചു.
ഇന്ത്യയിലെ യൂട്യൂബർമാരെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 15 വർഷമായി യൂട്യൂബ് ചാനലുള്ള തനിക്ക് 17 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ടെന്നും ഇന്ത്യയിലെ അയ്യായിരത്തോളം വരുന്ന യൂട്യൂബർമാരിലൊരാളാണ് താനുമെന്ന് നരേന്ദ്ര മോദി വിഡിയോയിൽ പറയുന്നുണ്ട്.
ഇന്ത്യൻ യൂട്യൂബർമാരുടെ കണ്ടെന്റ് ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾക്കും സെലിബ്രിറ്റികൾക്കുമൊപ്പം സ്വച്ച് ഭാരതിനെ കൂടുതൽ മികച്ചതാക്കാൻ യൂട്യൂബർമാർക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. യു.പി.ഐ പേയ്‌മെന്റ് വഴി ഡിജിറ്റൽ ഇന്ത്യയിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിച്ച കണ്ടെന്റ് ക്രിയേറ്റർമാർ ജനങ്ങൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് നടത്താൻ പഠിപ്പിച്ചു കൊടുക്കണമെന്നും പറയുന്നുണ്ട്.
അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുമ്പോൾ യൂട്യൂബർമാരുടെ പതിവ് ശൈലിയിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും ബെൽ ഐക്കൺ അമർത്തണമെന്നും പ്രധാനമന്ത്രി പറയുന്ന ഭാഗം പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.
‘മണിപ്പൂരിൽ ഇന്റർനെറ്റ് ഇല്ല, എങ്ങനെ സബ്സ്ക്രൈബ് ചെയ്യും,’ എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. മാർക്കറ്റിൽ പുതിയ മീം ടെമ്പ്ലേറ്റ് ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് അവിശേഖ് ഗോയൽ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പാണ് പ്രകാശ് രാജ് പങ്കുവെച്ചത്.
മണിപ്പൂരിൽ അഞ്ച് മാസം ഇന്റർനെറ്റ് വിച്ഛേദിച്ച സംസ്ഥാന സർക്കാർ ഇന്റർനെറ്റ് പുനസ്ഥാപിച്ച ശേഷം രണ്ട് കൗമാരക്കാരുടെ മൃതശരീരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെയ്തേയ് വിഭാഗത്തിൽപെട്ട ഇവരുടെ കൊലപാതകത്തിൽ മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ഇരമ്പുകയാണ്. സംസ്ഥാനത്തെ പ്രശ്നബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ സൈന്യത്തിന് അധികാരം നൽകുന്ന അഫ്സ ഏർപ്പെടുത്തിയിരുന്നു.
Content Highlight: PM Modi asks to subscribe his youtube channel; No internet in Manipur says Prakash Raj