| Saturday, 20th November 2021, 10:22 am

നരേന്ദ്രമോദിയും അമിത് ഷായും ഇന്ന് യു.പിയില്‍; എല്ലാ സംസ്ഥാനങ്ങളിലേയും ഉന്നത പൊലീസ് മോധാവികളുമായി കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് യു.പിയില്‍. ലഖ്നൗവില്‍ നടക്കുന്ന പൊലീസ് മേധാവികളുടെ 56-ാമത് കോണ്‍ഫറന്‍സില്‍ ഇരുവരും പങ്കെടുക്കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഇവര്‍ക്കൊപ്പമുണ്ടാവും.

കേന്ദ്രഭരണ പ്രദേശങ്ങളിലേയും, സംസ്ഥാനങ്ങളിലേയും ഡി.ജി.പിമാരും സായുധ പൊലീസ് സേനകളുടെയും പൊലീസ് സംഘടനകളുടേയും തലവന്മാരും കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കുകയും മറ്റുള്ളവര്‍ ഐ.ബി ആസ്ഥാനങ്ങളില്‍ നിന്നും ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യും.

അമിത് ഷായും അജിത് ജോവലും ലഖ്നൗവില്‍ നടക്കുന്ന ഉന്നത സുരക്ഷ കോണ്‍ഫറന്‍സിലും പങ്കെടുക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡാറ്റാ ഗവേണന്‍സ്, തീവ്രവാദത്തിനെതിരായ വെല്ലുവിളികള്‍, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് മേഖലയിലെ പുതിയ പ്രവണതകള്‍, ജയില്‍ പരിഷ്‌കാരങ്ങള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും.

2014 ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍ നരേന്ദ്ര മോദി ഉന്നതതല പൊലീസ് കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കാറുണ്ട്. മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ സെഷനുകളിലും മോദി പങ്കെടുക്കുകയും രാജ്യസുരക്ഷയെ പറ്റി നേരിട്ട് സംവദിക്കാനുള്ള അവസരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

സാധാരണ ദല്‍ഹിയില്‍ നടക്കാറുള്ള കോണ്‍ഫറന്‍സ് 2014 മുതല്‍ മറ്റിടങ്ങളില്‍ നടത്താന്‍ തുടങ്ങിയിരുന്നു. 2020 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോണ്‍ഫറന്‍സ് വിര്‍ച്വലായിട്ടാണ് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more