പട്‌ന: തെരഞ്ഞെടുപ്പ് അടുക്കവേ ബീഹാറില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും രൂക്ഷമാകുകയാണ്. രാഷ്ട്രീയപരമായ വാഗ്വാദങ്ങള്‍ മറികടന്ന് കുടുംബത്തെ കടന്നാക്രമിച്ചും മറ്റുമാണ് നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത്.
എട്ടൊന്‍പത് കുട്ടികള്‍ ഉള്ള, പെണ്‍മക്കളില്‍ വിശ്വാസമില്ലാത്ത ആളാണ് ലാലു പ്രസാദെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശമാണ് പുതിയ വാഗ്വാദത്തിന് കാരണമായത്. നിതീഷിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്.
തന്നെയും കുടുംബത്തെയും മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടിയാണ് ആ പ്രസ്താവനയിലൂടെ നിതീഷ് ലക്ഷ്യം വെച്ചത് എന്നായിരുന്നു തേജസ്വി പറഞ്ഞത്.
എന്റെ കുടുംബത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് നിതീഷ് കുമാര്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി മോദിയെയാണ് ലക്ഷ്യമിട്ടത്. മോദിക്കും അഞ്ച് സഹോദരങ്ങളാണ് ഉള്ളത്. ഇത്തരം ഭാഷ ഉപയോഗിച്ച് നിതീഷ് കുമാര്‍ സ്ത്രീകളെയും എന്റെ അമ്മയുടെ വികാരത്തെയും അപമാനിച്ചിരിക്കുകയാണ്.
പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി പ്രധാനപ്പെട്ട നിരവധി വിഷയങ്ങളെ കുറിച്ച് നിതീഷ് കുമാറിന് വേണമെങ്കില്‍ സംസാരിക്കാം. എന്നാല്‍ അതിനെ കുറിച്ചൊന്നും ഒരു അക്ഷരം പോലും അദ്ദേഹം മിണ്ടുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു നിതീഷ് കുമാര്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയത്. ലാലു പ്രസാദിന്റെ പേര് എടുത്തുപറയാതെയായിരുന്നു നിതീഷിന്റെ പ്രസ്താവന.
‘ആരെങ്കിലും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ, അവര്‍ക്ക് എട്ടൊന്‍പത് മക്കളുണ്ട്. പെണ്‍മക്കളില്‍ അവര്‍ക്ക് വിശ്വാസമില്ല. കുറേ പെണ്‍മക്കള്‍ക്ക് ശേഷം അവര്‍ക്ക് ഒരു മകന്‍ ജനിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും. ഇത്തരത്തിലുള്ള ബീഹാറാണ് അവര്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത്. ‘ , എന്നായിരുന്നു നിതീഷ് പറഞ്ഞത്.
എന്നാല്‍ നിതീഷ് കുമാര്‍ തനിക്ക് എതിരെ ഉപയോഗിച്ച മോശം വാക്കുകള്‍ തനിക്ക് അനുഗ്രഹം പോലെയാണ് തോന്നിയതെന്നായിരുന്നു തേജസ്വി തിരിച്ചടിച്ചത്.
നിതിഷ്ജി മാനസികമായും ശാരീരികമായും ക്ഷീണിതനാണ്, അതുകൊണ്ടാണ് അദ്ദേഹം വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ ഒരു അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. തൊഴില്‍, വികസനം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി വോട്ടുചെയ്യാന്‍ ഇത്തവണ ബീഹാര്‍ ജനത തീരുമാനിച്ചിട്ടുണ്ട്, തേജസ്വി പറഞ്ഞു.
ഒക്ടോബര്‍ 28, നവംബര്‍ 3, 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക