ന്യൂദല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് 2.08 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേരാണ് കൊവിഡ് മൂലം മരിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫൈസറും മൊഡേണയും ഉള്‍പ്പെടെയുള്ള വിദേശ നിര്‍മ്മിത വാക്സിനുകള്‍ രാജ്യത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് ഉപയോഗാനുമതി തേടി ഫൈസര്‍ ആദ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്ത് വാക്സിന്‍ ഉപയോഗത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പു തന്നെ അടിയന്തരാനുമതി തേടി ഫൈസര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശീയ വാക്സിനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് വാക്സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചു.
ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഫൈസറിനെ നേരിട്ട് സമീപിക്കുകയും കേന്ദ്ര ഇടപെടണമെന്ന് ഫൈസര്‍ നിലപാടെടുക്കുകയും ചെയ്തതോടെയാണ് കേന്ദ്രം പ്രതിസന്ധിയില്‍ ആയത്. ഇതോടെ ഫൈസറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ ഫൈസറുമായോ മൊഡേണയുമായോ ഇന്ത്യയ്ക്ക് കരാറുകളൊന്നുമില്ല. അതേസമയം, ഇരു കമ്പനികളില്‍ നിന്നും 2023 വരെ വാക്സിനുവേണ്ടി ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയുമാണ്. ഇന്ത്യ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല.
ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്സിനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നത് ഇന്ത്യയ്ക്ക് മുന്നിലെ പ്രതിസന്ധിയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: PM Modi addressing country