ന്യൂദല്‍ഹി: അയോധ്യാ വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും ഉദാഹരണമാണ് ഇന്നത്തെ ദിവസമെന്നും ഇന്ത്യക്കാര്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദല്‍ഹിയില്‍വെച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
‘ഇന്ന് നവംബര്‍ ഒമ്പതാണ്. ഇന്നത്തെ ദിവസമാണ് ബെര്‍ലിന്‍ മതില്‍ തകര്‍ന്നുവീണതും രണ്ടു വ്യത്യസ്ത ആശയങ്ങളുള്ളവര്‍ ഒന്നിച്ചതും. ഇന്നുതന്നെയാണ് കര്‍ത്താര്‍പുര്‍ ഇടനാഴി തുറക്കപ്പെട്ടതും. ഞാന്‍ ഇന്നു മുഴുവന്‍ പഞ്ചാബിലായിരുന്നു. അവിടെനിന്ന് ദല്‍ഹിയില്‍ തിരിച്ചുവന്ന ശേഷം നിങ്ങളോടു സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
രാജ്യം മുഴുവന്‍ അയോധ്യാക്കേസില്‍ ദിവസവും വാദം കേള്‍ക്കണമെന്ന് ആഗ്രഹിച്ചു. അതു നടന്നു. ഇന്നു വിധിയും വന്നിരിക്കുന്നു. ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഒരു ഒരു കേസാണ് ഒടുവില്‍ തീര്‍ന്നിരിക്കുന്നത്. രാജ്യമൊട്ടാകെ ആ വിധി അംഗീകരിച്ചുകഴിഞ്ഞു. എത്ര ശക്തമാണു നമ്മുടെ ജനാധിപത്യമെന്ന് ഇന്നു ലോകം തിരിച്ചറിഞ്ഞു.
അയോധ്യാവിധി അംഗീകരിച്ചത് നമ്മുടെ സഹിഷ്ണുതയെന്തെന്നു കാണിക്കുന്നതാണ്. ഇന്ത്യയുടെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും ഉദാഹരണമാണ് ഇന്നത്തെ ദിവസം. നമ്മള്‍ ഐക്യത്തിലും വൈവിധ്യത്തിലും വിശ്വസിക്കുന്നു. ഈ മന്ത്രമാണ് ഇന്നു വിരിയുന്നത്. ഇന്ത്യക്കാര്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു.
വിധിക്കുശേഷം ഓരോ വിഭാഗവും, ഓരോ സമുദായവും, രാജ്യത്തെ ഓരോരുത്തരും അതു തുറന്ന ഹൃദയത്തോടെ സ്വീകരിച്ചിരിക്കുന്നു. വിധിയെ സമൂഹത്തിലെ ഓരോ മേഖലയും ഓരോ മതവും സ്വാഗതം ചെയ്തത് ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും തെളിവാണ്.
ഇന്ത്യയാണു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം. അത് ഇപ്പോഴും ജീവനോടെയുണ്ടെന്നും ശക്തമാണെന്നും ഇന്നു നമ്മള്‍ കാണിച്ചുകൊടുത്തു. സുപ്രീംകോടതി വിധി രാജ്യത്തിനു പുതിയൊരു പ്രഭാതമാണു നല്‍കിയത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണിത്.
നവ ഇന്ത്യയില്‍ ഭയത്തിനോ വെറുപ്പിനോ സ്ഥാനമില്ല. രാഷ്ട്രനിര്‍മാണത്തിനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തിനൊട്ടാകെ ഇതു സന്തോഷത്തിനുള്ള ദിവസമാണ്. അഭിപ്രായവ്യത്യാസങ്ങളും നിഷേധാത്മകതയും കത്തിച്ചുകളയാനുള്ള ദിവസമാണിന്ന്.
വളരെയധികം ക്ഷമയോടെയാണ് സുപ്രീംകോടതി കേസിന്റെ എല്ലാ വശങ്ങളിലുമുള്ള വാദങ്ങള്‍ കേട്ടത്. വിഷമകരമായ കേസുകള്‍ നിയമപരമായി പരിഹരിക്കാമെന്ന് സുപ്രീംകോടതി തെളിയിച്ചു. ഇന്ന് ഇന്ത്യക്കാര്‍ക്കു ചരിത്രദിനമാണ്. ഇന്ത്യ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവയെല്ലാം നമ്മള്‍ ഒന്നിച്ചു മറികടക്കണം.’- അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് അയോധ്യാക്കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് ആരാധനയ്ക്കു പകരം ഭൂമി നല്‍കണമെന്നുമാണ് വിധി.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും. എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്കു തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.