| Saturday, 16th January 2021, 10:24 pm

'മുതലാളിമാരുടെ അടിമയാണ് ഇന്ത്യ ഭരിക്കുന്നത്'; കര്‍ഷകരെ കൂടി മുതലാളിമാര്‍ക്ക് കാഴ്ചവെയ്ക്കാനാണ് പ്രധാനമന്ത്രിയുട ഉദ്ദേശമെന്ന് മഹാരാഷ്ട്ര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാന്‍ കഴിയാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ബാല്‍സാഹേബ് തോറട്ട്. ശതകോടീശ്വരന്‍മാരായ മുതലാളിമാരുടെ അടിമയായി മാറിയിരിക്കുകയാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകനിയമങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുതലാളിമാരുടെ അടിമയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇപ്പോള്‍ കര്‍ഷകരെ കൂടി ഈ മുതലാളിമാര്‍ക്കു മുന്നില്‍ കാഴ്ചവെയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശം. എന്നാല്‍ ഭരണഘടന നമുക്ക് ഉറപ്പുനല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ അങ്ങനെ അടിയറവ് വെയക്കാന്‍ കഴിയില്ല. ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരും’, തോറട്ട് പറഞ്ഞു.

അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

ഇതിനിടെ കര്‍ഷകസമരം നടത്തുന്ന നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് അയച്ചതും വിവാദമായിരുന്നു. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

എന്നാല്‍ കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PM Modi A Slave Of Big Capitalists Says Balsaheb Thorat

We use cookies to give you the best possible experience. Learn more