| Monday, 28th November 2022, 2:14 pm

നുണയന്മാരുടെ തലവനാണ് മോദി, ഇരവാദം രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുന്നു: ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സര്‍ക്കാരിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് തേടാതെ എത്രകാലം മോദി തന്റെ പഴയ ജീവിതസാഹചര്യം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

ബി.ജെ.പിയുടെ തുടര്‍ഭരണത്തിനായി മോദി വീണ്ടും സഹതാപ തരംഗം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നര്‍മദാ ജില്ലയിലെ ദെദിയാപതയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

‘എത്രകാലം നിങ്ങളീ ഇരവാദം രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കും? സഹതാപം നേടാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്, എന്നിട്ട് ഞാന്‍ (മോദി) ദരിദ്രനാണെന്ന് നിങ്ങള്‍ പറയുന്നു, പ്രതിപക്ഷം എന്നെ അധിക്ഷേപിച്ചെന്ന് പറയുന്നു. ഇനിയും ഇത്തരത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ഒരു കാര്യം മനസിലാക്കണം, ആളുകള്‍ക്കിപ്പോള്‍ ബുദ്ധിയുണ്ട്. അവര്‍ പണ്ടത്തെ പോലെ വിഡ്ഢികളല്ല.

നിങ്ങള്‍ പറയുന്നതെല്ലാം ആളുകള്‍ കേള്‍ക്കുന്നുണ്ട്. എത്രതവണ നിങ്ങള്‍ നുണ പറയും, നുണ, നുണക്ക് മേല്‍ നുണ, ‘നുണയന്മാരുടെ തലവനാണ്’ മോദി. കോണ്‍ഗ്രസ് രാജ്യം കൊള്ളയടിച്ചെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആദിവാസികളുടെ ഭൂമി കൊള്ളയടിച്ചവരാണ് നിങ്ങള്‍,’ ഖാര്‍ഗെ പറഞ്ഞു.

തൊട്ടുകൂടായ്മയുള്ള ജാതിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ആളുകള്‍ നിങ്ങളുടെ ചായ എങ്കിലും കുടിക്കും, എന്നാല്‍ ഞങ്ങളുടെ ചായ പോലും കുടിക്കില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു,

’70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നാണ് മോദിയും അമിത് ഷായും ചോദിക്കുന്നത്. 70 വര്‍ഷത്തില്‍ ഞങ്ങളൊന്നും ചെയ്തില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കിന്ന് ജനാധിപത്യം ലഭിക്കില്ലായിരുന്നു. നിങ്ങളെപോലുള്ള ആളുകള്‍ എപ്പോഴും പാവപ്പെട്ടവരാണെന്ന് അവകാശപ്പെടുന്നു. ഞാനും പാവപ്പെട്ടവനാണ്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവനാണ്. തൊട്ടുകൂടായ്മയുള്ള ജാതിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ആളുകള്‍ നിങ്ങളുടെ ചായ എങ്കിലും കുടിക്കും, എന്നാല്‍ ഞങ്ങളുടെ ചായ പോലും കുടിക്കില്ല,’ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 182 അംഗ ഗുജറാത്ത് നിയസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്.

ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍, ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് രംഗത്തുള്ളത്. ആം ആദ്മിയും ശക്തമായ പ്രചരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്.

2036ല്‍ ഗുജറാത്തില്‍ ഒളിമ്പിക്‌സ് നടത്തും, ദ്വാരകയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ സ്ഥാപിക്കും, സംസ്ഥാനത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കും, തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളെ നിയന്ത്രിക്കാന്‍ ആന്റി റാഡിക്കലൈസേഷന്‍ സെല്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രികയിലുള്ളത്.

അഗ്രേസര്‍ ഗുജറാത്ത് സങ്കല്‍പ് പത്ര 2022 (Agresar Gujarat Sankalp Patra 2022) എന്നാണ് പ്രകടനപത്രികക്ക് ബി.ജെ.പി പേരിട്ടിരിക്കുന്നത്.

എന്നാല്‍ ബി.ജെ.പി പ്രകടനപത്രികക്കെതിരെ കോണ്‍ഗ്രസ്, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. തങ്ങള്‍ പ്രകടനപത്രികകളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് സമാനമായവയാണ് ബി.ജെ.പി മാനിഫെസ്റ്റോയിലുമുള്ളതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Content Highlight: PM Modi a ‘chieftain of liars’, sympathy-seeker: Mallikarjun Kharge

We use cookies to give you the best possible experience. Learn more