| Monday, 17th June 2019, 11:07 pm

പി. രാജീവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് തന്നെ ദേശാഭിമാനിയില്‍ നിന്ന് മാറ്റിയതെന്ന പ്രചരണത്തോട് പ്രതികരിച്ച് പി.എം മനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ സെക്രട്ടറിയായി നിയമിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ദേശാഭിമാനിയില്‍ മാറ്റിയതെന്ന പ്രചരണം ഉണ്ടായിരുന്നു.
ഈ പ്രചരണത്തോട് പി.എം മനോജ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് മനോജിന്റെ പ്രതികരണം.

സത്യാനന്തര കാലത്ത് മാധ്യമ പ്രവര്‍ത്തനം വ്യാജവാര്‍ത്തയുടെ ഉപാസനയായി മാറുന്നതിന്റെ അശ്ലീലം മാധ്യമ പ്രവര്‍ത്തകരാണ് ആദ്യം തിരിച്ചറിയേണ്ടത് എന്നാണ് മനോജിന്റെ പ്രതികരണം. ആരുടേയും പേരെടുത്ത് പറഞ്ഞോ പ്രചരണത്തെ സൂചിപ്പിച്ചോ അല്ല മനോജിന്റെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് താഴെ
സഖാവിനേ ദേശാഭിമാനിയില്‍ നിന്ന് ഒഴിവാക്കിയതെന്തിനാണ് എന്ന ചോദിച്ച വ്യക്തിയുടെ
കമന്റിന് മറുപടിയായി ആ വാര്‍ത്ത തന്നെയാണ് പോസ്റ്റിനാധാരം എന്ന് മനോജ് മറുപടി പറയുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി വേലായുധന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പി എം മനോജിനെ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more