കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് എ.ബി.വി.പി പശ്ചാത്തലമുണ്ടെന്ന ആരോപണത്തില്‍ അനില്‍ അക്കരെ എം.എല്‍.എയ്‌ക്കെതിരെ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്. അനില്‍ അക്കരെ ആരോപിക്കുന്നതുപോലെ വിദ്യാര്‍ഥി കാലത്ത് സി. രവീന്ദ്രന്‍ “എ.ബി.വി.പിയെ തൊട്ടിട്ടുണ്ടെങ്കില്‍ അതുകൊണ്ട് എന്താണ് ” എന്നാണ് പി.എം മനോജ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.
വിദ്യാര്‍ഥിയായിരുന്ന കാലത്ത് താനും ശാഖയില്‍ പോയിട്ടുണ്ടെന്ന കാര്യം വിശദീകരിച്ചുകൊണ്ടാണ് പി.എം മനോജിന്റെ മറുപടി.
“എഴുപതുകളുടെ അവസാനത്തിലാണ്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സ്‌കൂള്‍ ബെല്ലടിച്ചാല്‍ പിന്നെ രണ്ടരയ്‌ക്കേ ക്ലാസില്‍ കയറേണ്ടൂ. കൂത്തുപറമ്പ് യു പി സ്‌കൂളിനടുത്ത് കണിയാര്‍ കുന്നിലെ ഒരു പറമ്പിലേക്ക് ഞങ്ങളെ ചില കൂട്ടുകാര്‍ ക്ഷണിച്ചു കൊണ്ടു പോയിരുന്നു. കബഡി കളിയാണ്. നല്ല രസം. പിന്നെ പാട്ട്. നമസ്‌തേ സദാ വത്സലേന്നോ മറ്റോ. ചില ചേട്ടന്‍മാര്‍ കുറെ കഥകളും പറഞ്ഞു തരും. എല്ലാം ചേര്‍ന്നാല്‍ ഒരോളമായിരുന്നു. പതുക്കെ മുസ്ലിങ്ങള്‍ക്കെതിരെ പറയാന്‍ തുടങ്ങി. അപ്പൊഴാണ് പന്തികേട് തോന്നിയത്. ആരെയും അറിയിക്കാതെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. അതുപോലെ പിന്മാറുകയും ചെയ്തു. ഇത് എന്റെ മാത്രമല്ല, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അങ്ങനെ ചെന്നുപെട്ട അനേകരുടെ അനുഭവമാണ്. ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വകാല സംഘിയാണ്.” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം അനില്‍ അക്കരയ്ക്കു മറുപടി നല്‍കുന്നത്.
കോണ്‍ഗ്രസിലിരുന്ന് ബി.ജെ.പിയില്‍ പോയവരെയേ അനില്‍ അക്കരയ്ക്ക് അറിയൂ. എന്നാല്‍ ബി.ജെ.പി പാളയത്തില്‍ എത്തിപ്പെട്ടവരും, ആര്‍.എസ്.എസ് പിടികൂടാന്‍ ശ്രമിച്ചവരും പിന്നീട് വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് സി.പി.ഐ.എമ്മിലെത്തിയിട്ടുണ്ടെന്നും മനോജ് പറയുന്നു.
“ആര്‍.എസ്.എസ് വെട്ടിക്കൊന്ന അത്‌ലിറ്റ് സത്യന്റെ കുടുംബത്തിന് കൊടുക്കാനെന്ന പേരില്‍ പിരിവു നടത്തി വെട്ടിച്ച ഖദറിന്റെ പാരമ്പര്യമേ അനില്‍ അക്കരയ്ക്കറിയൂ. കോണ്‍ഗ്രസിലിരുന്ന് സംഘിയാകുന്നവരെ മാത്രമേ അക്കര സ്വന്തം കരയില്‍ കണ്ടിട്ടുള്ളൂ. ഒരു കാലത്ത് ആര്‍.എസ്.എസ് പിടികൂടാന്‍ ശ്രമിച്ചവരും ആ പാളയത്തില്‍ എത്തിപ്പെട്ടവരും പിന്നീട് വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് സി.പി.ഐ.മ്മിലെത്തിയിട്ടുണ്ട്. ” എന്നു പറഞ്ഞ അദ്ദേഹം ബി.ജെ.പി ഉപേക്ഷിച്ച് ഒരാളെങ്കിലും കോണ്‍ഗ്രസിലേക്ക് എത്തിയിട്ടുണ്ടോയെന്നും ചോദിക്കുന്നു.
ആര്‍.എസ്.എസ് നടത്തുന്ന കൊലപാതകങ്ങളെ കോണ്‍ഗ്രസ് അപലപിക്കാത്തതും കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ വരെ ബി.ജെ.പിയിലേക്കു ചേക്കേറുന്നതും പി.എം മനോജ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
“ആരായിരുന്നു എന്ന് അന്വേഷിച്ചു നോക്കൂ. അങ്ങനെ ബി ജെ പി ഉപേക്ഷിച്ച് ഒരാളെങ്കിലും കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ടോ? ആര്‍.എസ്.എസിന്റെ ഒരു കൊലപാതകത്തിനെതിരെയെങ്കിലും കോണ്‍ഗ്രസ് ശബ്ദിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ വരെ ബി.ജെ.പിയിലേക്ക് ഇടിച്ചു കയറുന്നത്? എന്തിനാണ് പിണറായിയുടെ തല കൊയ്യാനും മാര്‍ക്‌സിസ്റ്റുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കാനും ബി.ജെ.പി നേതാക്കള്‍ ആക്രോശിച്ച് ആഹ്വാനം മുഴക്കുന്നത്? നിങ്ങള്‍ക്ക് തലയും കണ്ണുമൊന്നും ഇല്ലാഞ്ഞിട്ടാണോണോ അക്കരേ? അതോ നിങ്ങളോട് ആശാന്‍ ക്ഷമിച്ചതു കൊണ്ടോ?” അദ്ദേഹം ചോദിക്കുന്നു.
“ഞങ്ങള്‍ ആര്‍.എസ്.എസിനെതിരെ നട്ടെല്ലു നിവര്‍ത്തി നില്‍ക്കുന്നതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പകല്‍ കോണ്‍ഗ്രസും ഇരുട്ടിയാല്‍ ആര്‍.എസ്.എസും ആകുന്നവര്‍ അനിലിന്റെ കരയിലുണ്ട്. പേരുകള്‍ എ.കെ ആന്റണി പറഞ്ഞു തരും. പോയി അവരോട് കളിക്കൂ.” എന്നുപറഞ്ഞാണ് മനോജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖയില്‍ അംഗമായിരുന്നു രവീന്ദ്രനാഥ് എന്നും, ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.
രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പ് സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം.