| Thursday, 13th April 2017, 10:23 am

ബി.ജെ.പിയിലേക്ക് പോകുന്ന കൂട്ടത്തില്‍ താങ്കള്‍ ഇല്ലേ?; എങ്കില്‍ മാന്യമായി അതാണ് പറയേണ്ടത്; വി.ഡി സതീശന് മറുപടിയുമായി പി.എം മനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനിയെ വിമര്‍ശിച്ച വി.ഡി സതീശന്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്. ബി.ജെ.പിയിലേക്ക് പോകുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ ഇല്ലെങ്കില്‍ മാന്യമായി അതാണ് പറയേണ്ടതെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.


Also read ‘ഹിന്ദുത്വ വര്‍ഗീയത ഇവിടെ നടപ്പില്ല’; സോഷ്യല്‍മീഡിയകളില്‍ തീവ്ര ഹിന്ദുത്വ പോസ്റ്റുകളിലൂടെ കലാപത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുമായി മമത സര്‍ക്കാര്‍


കേരളത്തിലെ നാല് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ അതില്‍ ഒരു പേര് വി ഡി സതീശന്റേതാണ് എന്ന സൂചനകളുണ്ടായെന്നും സംഘപരിവാര്‍ ആശയങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന ചില നേതാക്കളെ അടര്‍ത്തിമാറ്റാനുള്ള ബി.ജെ.പി നീക്കം കേരളത്തില്‍ ശക്തമാണെന്നും പറഞ്ഞ മനോജ് പണവും പദവിയും അടക്കം വമ്പന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുമ്പാകെ ബി.ജെ.പി വയ്ക്കുന്നതെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെതന്നെ ബി.ജെ.പി പാളയത്തിലെത്തുമെന്ന് മുതിര്‍ന്ന നേതാവ് മുരളീധര്‍ റാവു കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നെന്നും ഈ വാര്‍ത്തയാണ് ദേശാഭിമാനിയടക്കം മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മനോജ് വ്യക്തമാക്കി.

ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കുന്ന വിധത്തില്‍ തന്നെയാണ് കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ ആദ്യം പ്രതികരിച്ചതെന്നും ശശീതരൂരും സുധാകരനും തങ്ങള്‍ ബിജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും മാന്യനായി മേനിനടിക്കുന്ന സതീശന്റെ പ്രതികരണം എത്ര താണതരത്തിലാണെന്നും മനോജ് ചോദിക്കുന്നു.

പത്രത്തിന്റെ സര്‍ക്കുലേഷന്‍ ഉയര്‍ന്ന നിലയിലാണെന്നും പുതിയ ആരംഭിക്കാന്‍ പോവുകയാണെന്നും പറയുന്ന മനോജ് അതവിടെ നില്‍ക്കട്ടെ എന്നു പറഞ്ഞു കൊണ്ട് സതീശന്റെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ബി.ജെ.പിയിലേക്ക് പോകുന്ന കൂട്ടത്തില്‍ താങ്കള്‍ ഇല്ലേ? എങ്കില്‍ മാന്യമായി അതാണ് പറയേണ്ടതെന്നു പറഞ്ഞ മനോജ്
താങ്കളുടെ ബി.ജെ.പി ബാന്ധവം അറിയാന്‍ കാട്ടുമാടം മനയിലെ വിഷ്ണു നമ്പൂതിരിയുടെ അടുത്ത് പോയി നോക്കിക്കേണ്ടതുണ്ടെന്നു താങ്കള്‍ക്കേ തോന്നുന്നുള്ളൂവെന്നും നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണെന്നും പറയുന്നു.
കെ.പി.സി.സി ഉപാധ്യക്ഷന്‍, എം.എല്‍.എ, മുതിര്‍ന്ന അഭിഭാഷകന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല. അതിനു യോജിക്കുന്ന പെരുമാറ്റവും വേണം. അതായത്, മാന്യത വേണം എന്നു പറഞ്ഞ് കൊണ്ടാണ് മനോജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
“കോണ്‍ഗ്രസ്സില്‍ നിന്ന് എന്‍ ഡി തിവാരിയുടെയും എസ് എം കൃഷ്ണയുടെയും റീത്ത ബഹുഗുണയുടെയും വഴിയേ യെ കേരളത്തിലെ നാല് പ്രമുഖ നേതാക്കള്‍ ബി ജെ പി യിലേക്ക് പോകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ അതില്‍ ഒരു പേര് വി ഡി സതീശന്റേതാണ് എന്ന സൂചനകളുണ്ടായി.

സംഘപരിവാര്‍ ആശയങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന ചില നേതാക്കളെ അടര്‍ത്തിമാറ്റാനുള്ള ബിജെപി നീക്കം കേരളത്തില്‍ ശക്തമാണ്. പണവും പദവിയും അടക്കം വമ്പന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുമ്പാകെ ബിജെപി വയ്ക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെതന്നെ ബിജെപി പാളയത്തിലെത്തുമെന്ന് മുതിര്‍ന്ന നേതാവ് മുരളീധര്‍ റാവു കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.

ഈ വാര്‍ത്തയാണ് ദേശാഭിമാനിയടക്കം മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. ഇതിനു സ്ഥിരീകരണം നല്‍കുന്ന വിധത്തിലാണ് കെപിസിസി താത്കാലിക അധ്യക്ഷന്‍ എം എം ഹസ്സന്‍ ആദ്യം പ്രതികരിച്ചത്. ശശി തരൂരും കെ സുധാകരനും തങ്ങള്‍ ബിജെപിയിലേക്കില്ലെന്നു പറഞ്ഞു വാര്‍ത്തയോട് പ്രതികരിച്ചു. മാന്യനായ രാഷ്ട്രീയക്കാരന്‍ എന്ന് മേനി നടിക്കാറുള്ള വി ഡി സതീശന്റെ പ്രതികരണം പക്ഷെ ഇങ്ങനെ: “പി ഗോവിന്ദ പിള്ളയെയും കെ മോഹനനെയും പോലുള്ള പ്രതിഭാധനരായ വ്യക്തതകള്‍ ഇരുന്ന ഉള്ളത് ഇറാന്‍ മൂളികളും സ്തുതി പാഠകരുമാണ് . എം സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ല.”

ഇവിടെയാണ് നാമെല്ലാം ഗുണ്ട എന്ന് ധരിക്കുന്ന കെ സുധാകരനേക്കാള്‍ എത്ര താണ നിലവാരത്തിലാണ് സതീശന്‍ എന്ന് വ്യക്തമാകുന്നത്. അദ്ദേഹത്തിനെത്തിനെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനൊന്നും മുതിരുന്നില്ല.
ദേശാഭിമാനി മെയ് ഒന്നിന് പുതിയ എഡിഷന്‍ കൂടി തുടങ്ങുകയാണ്. ഈ മാസം ഒരു യൂണിറ്റ് തുടങ്ങി. പത്രത്തിന്റെ സര്‍ക്കുലേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുന്നു.

ഏറാന്‍ മൂളുന്നത് കൊണ്ടോ സ്തുതി പാടുന്നത് കൊണ്ടോ അല്ല,അന്തസ്സായി വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്യുന്നത് കൊണ്ടാണ് ആ അംഗീകാരം. ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മുഖപത്രത്തിനു ലഭിക്കാത്ത അംഗീകാരമാണത്. സംശയമുണ്ടെങ്കില്‍ സതീശന്‍ വീക്ഷണത്തിലേക്കു ഒന്ന് നോക്കണം.

അതെന്തോ ആകട്ടെ. സതീശന്റെ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ:
ആ മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജിന് കഴിഞ്ഞ ആറ് വര്‍ഷമായിട്ടും സ്ഥലം കണ്ടെത്തി കെട്ടിടം പണിയാനാവാത്ത എം.എല്‍.എ കോളേജിന് അനുയോജ്യമായ പഞ്ചായത്ത് വക ഭൂമി അനുവദിക്കുന്നതിന് എതിര് നില്‍ക്കുന്ന എം.എല്‍.എയാണ് അദ്ദേഹം. അതേ കോളേജിന്റെ കോഴ്‌സ് സംഘപരിവാര്‍ നിയന്ത്രിത കോളേജിന് സാമ്പത്തിക ലാഭമുണ്ടാക്കുന്ന വിധം അനുവദിച്ച എം.എല്‍.എ മറ്റാരുമല്ല.

അതേ കോഴ്‌സിന്റെ ഉദ്ഘാടനത്തിന് രാജ്‌നാഥ് സിങ്ങിന്റെയും കുമ്മനത്തിന്റെയും എ എന്‍ രാധാകൃഷ്ണന്റെയും പിന്നില്‍ ഫ്‌ലക്‌സില്‍ പാലൊളി തൂകി നിന്ന എംഎല്‍എ സതീശാ, താങ്കള്‍ തന്നെയായിരുന്നില്ലേ?
സംഭവം വിവാദമായപ്പോള്‍ ആസ ഗ്രൂപ്പിന്റെ ദുബൈ പാം ഐലന്റിലെ ആഘോഷത്തിന് ക്ഷണം ചോദിച്ച് വാങ്ങി പറന്ന് മറഞ്ഞ എംഎല്‍എ വേറെ ആരെങ്കിലുമാണോ?

വിവാദമായപ്പോള്‍ ഫ്‌ലക്‌സിലെ ഐ എച്ച് ആര്‍ ഡി ലോഗോ ബ്ലേഡുകൊണ്ട് കട്ട് ചെയ്ത് മാറ്റിഎത്തും പിന്നെ പുതിയ ഫ്‌ലക്‌സും വെച്ചതും ആരുടെ മുഖം രക്ഷിക്കാനായിരുന്നു? താങ്കള്‍ക്കു ഇപ്പോള്‍ തന്നെ ബിജെപി ബന്ധവും. അത് മറച്ചു വെക്കാന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരുടെ തലയില്‍ കയറേണ്ടതില്ല, സ്വന്തം വികൃത മുഖം വിളംബരം ചെയ്തു അറിയിക്കേണ്ടതുമില്ല.

ബി ജെ പിയിലേക്ക് പോകുന്ന കൂട്ടത്തില്‍ താങ്കള്‍ ഇല്ലേ?എങ്കില്‍ മാന്യമായി അതാണ് പറയേണ്ടത്.
താങ്കളുടെ ബിജെപി ബാന്ധവം അറിയാന്‍ കാട്ടുമാടം മനയിലെ വിഷ്ണു നമ്പൂതിരിയുടെ അടുത്ത് പോയി നോക്കിക്കേണ്ടതുണ്ടെന്നു താങ്കള്‍ക്കേ തോന്നുന്നുള്ളൂ.നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്.
കെ പി സി സി ഉപാധ്യക്ഷന്‍, എം എല്‍ എ , മുതിര്‍ന്ന അഭിഭാഷകന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല. -അതിനു യോജിക്കുന്ന പെരുമാറ്റവും വേണം. അതായത്, മാന്യത വേണം.”

We use cookies to give you the best possible experience. Learn more